11 October, 2021 03:35:30 PM
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി; ഒന്നുമില്ലെന്ന് സൂരജ്: ഉത്ര വധക്കേസിൽ വിധി 13ന്
കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിന്‍റെ വിധി പ്രഖ്യാപനം പതിമൂന്നാം തീയതിയിലേക്ക് മാറ്റിവെച്ചു. 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിധി പ്രസ്താവിക്കും മുൻപ് ജഡ്ജി സൂരജിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് പ്രതി സൂരജ് മറുപടി പറഞ്ഞു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും കോടതി പറഞ്ഞു.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കൊലപാതകമല്ലെന്നും ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്നും അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രായം കണക്കിലെടുത്തും മുൻപ് ക്രിമിനൽ പശ്ചത്താലം ഇല്ലാത്തതിനാൽ പ്രതി കുറ്റക്കാരനല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രഖ്യാപനം. ഉത്രയുടെ ഭർത്താവും കേസിലെ പ്രതിയുമായ സൂരജിനെ കോടതിയിലെത്തിച്ചപ്പോൾ വലിയ പൊലീസ് സന്നാഹവും ആൾക്കൂട്ടവുമാണ് കോടതി പരിസരത്തുണ്ടായിരുന്നത്. ഉത്രയുടെ കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ വളരെ ഏറെ ശ്രദ്ധ നേടിയ കേസാണ് ഉത്ര വധക്കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്.
87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്‍റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്‍റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.
കേസിന്‍റെ നാൾ വഴികൾ
> 2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്‍റേയും വിവാഹം
> 2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു
> മാർച്ച് രണ്ട് മുതൽ ഏപ്രിൽ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ
> ഏപ്രിൽ 22-ന് ഉത്രയുടെ അഞ്ചൽ ഏറത്തുള്ള വീട്ടിലേക്ക്
> മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്
> മെയ് 7 ഉത്രയുടെ മരണം
> മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
> മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം
> മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി
> മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്
> ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന
> ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
> 2021 ഒക്‌ടോബർ നാലിന് വിചാരണ പൂർത്തിയായി