26 September, 2021 04:23:39 PM
ഡ്രൈവർമാരില്ല: ചരക്കുനീക്കം നിലച്ചു; യുകെയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷം
കവന്‍ട്രി: യുകെയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമായതോടെ ഗാരേജുകള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. നാലാഴ്ചയിലേറെ അനുഭവപ്പെടുന്ന ലോറി ഡ്രൈവര്‍മാരുടെ കുറവ് മൂലം ചരക്കു നീക്കത്തെ പാടേ ബാധിച്ച അവസ്ഥയിലാണ് യുകെയിലെങ്ങും. കോവിഡ് മഹാമാരിയില്‍ നിന്നും ജോലിയിലേക്ക് മടങ്ങി വരാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും വേതനം പോരെന്ന നിലപാടും ബ്രക്‌സിറ്റ് മൂലം യൂറോപ്യന്‍ യൂണിയന്‍ ഡ്രൈവര്‍മാര്‍ മടങ്ങിപ്പോയതും എല്ലാം ചേര്‍ന്നാണ് യുകെയെ ചരക്കു നീക്കത്തിന്റെ കാര്യത്തില്‍ വെള്ളം കുടിപ്പിക്കുന്നത്.
പെട്രോള്‍ ഡീസല്‍ ക്ഷാമം ഏതാനും ആഴ്ചകള്‍ ആയി അനുഭവപ്പെടുന്നതാണെങ്കിലും ഇന്നലെ മുതല്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വിതരണം കാര്യമായി തടസപ്പെട്ടതോടെ ബിപി, ഷെല്‍ ഗാരേജുകള്‍ പലയിടത്തും അടച്ചിടേണ്ടി വന്നു. എല്ലായിടത്തുമായി നൂറിലേറെ പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനുകള്‍ അടച്ചിട്ടതായാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ചൂണ്ടിക്കാണിക്കപ്പെട്ട സംഭാവങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നും സര്‍ക്കാരിന് മുന്നില്‍ എത്തുന്ന തലവേദനയാണ്. ബ്രക്‌സിറ്റ് സംഭവിച്ചാല്‍ എന്തുണ്ടാകും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നിലവിലെ പ്രതിസന്ധി എന്നും സര്‍ക്കാര്‍ വിമര്‍ശകര്‍ പറയുന്നു. തുടക്കത്തില്‍ നാന്‍ഡോസില്‍ ചിക്കനും മാക് ഡൊണാള്‍ഡ്‌സില്‍ മില്‍ക്ക് ഷെയ്ക്കും ഐക്കിയ യില്‍ കിടക്കകളും വരവ് നിലച്ചത് ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പലരും സൂചിപ്പിച്ചതാണ് അടുത്ത് പെട്രോളും ഡീസലും ആയിരിക്കുമെന്ന്. എന്നാല്‍ ഇന്നലെ മുതല്‍ ക്ഷാമം നേരിട്ടതോടെ ജനം പാനിക് ബൈ ആരംഭിച്ചതോടെ പ്രതിസന്ധി വരും ദിവസങ്ങളിലും രൂക്ഷമാകും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതൊന്നും കേള്‍ക്കാന്‍ ജനം തയ്യാറാകുന്നില്ല.
ബ്രിട്ടന്‍ വിട്ടത് 25000, ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ 40000
രണ്ടു വര്‍ഷം മുന്‍പ് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാകും എന്നുറപ്പായ സാഹചര്യത്തില്‍ 25000 യൂറോപ്യന്‍ ഡ്രൈവര്‍മാരാണ് യുകെയില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. അന്നൊന്നും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബ്രിട്ടന്‍ മുന്‍കൈ എടുത്തിരുന്നില്ല. ഇതോടൊപ്പം വലിയ വാഹനം ഓടിക്കാനുള്ള ടെസ്റ്റ് പാസാകാന്‍ 40000 പേരെങ്കിലും കാത്തിരിക്കുകയാണ്. കോവിഡ് വന്നതോടെ ഇവരെല്ലാം കാത്തിരിപ്പു തുടരുകയുമാണ്. ഫലത്തില്‍ 65000 പേരാണ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നത്. യുകെയിലെ ട്രക്ക് ഡ്രൈവര്‍മാരുടെ ശരാശരി പ്രായം 57 ആണെന്നും റോഡ് ഹൊളെജ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളെ ഈ രംഗത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നുമില്ല.
കോവിഡ് ഒന്നാം ലോക്ഡൗണ്‍ കാലത്തു ജനങ്ങള്‍ പാനിക് ബൈ നടത്തിയതിനു സമാനമായ കാഴ്ചയാണ് ഇന്നലെ പെട്രോള്‍ പമ്പുകളും ദൃശ്യമായത്. പലയിടത്തും നോ സ്റ്റോക് ബോര്‍ഡ് പ്രത്യക്ഷമായതോടെ കിട്ടുന്നിടത്തു നിന്നൊക്കെ ജനങ്ങള്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചു തുടങ്ങി. ഇതോടെ പെട്രോള്‍ സ്റ്റേഷനുകള്‍ അതിവേഗം കാലിയാവുക ആയിരുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ പെട്രോളിനും ഡീസലിനും റേഷനിങ് വന്നേക്കാം എന്നും പറയപ്പെടുന്നു. പെട്രോള്‍ ലഭ്യമല്ലാതായതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിതരണ ശൃംഖലയും തകരുകയാണ്. മിക്കയിടത്തും കടകളില്‍ ഷെല്‍ഫുകള്‍ അതിവേഗം കാലിയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പരിഭ്രാന്തി വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും കരുതപ്പെടുന്നു.
വിലക്കയറ്റം വാണം പോലെ മേല്‍പ്പോട്ട്
പെട്രോളും ഡീസലും കിട്ടാനില്ലാതാകുന്നതോടെ സപ്ലൈ ചെയിന്‍ പൂര്‍ണമായും തകരും എന്ന് കരുതുന്നവരും കുറവല്ല. ഇത് ചെറുതും വലുതുമായ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. പ്രതിസന്ധി ഒരു പരിധി വരെ വിലക്കയറ്റത്തിനും കാരണമായി മാറും. നിലവില്‍ വിലക്കയറ്റം അതിന്റെ വിശ്വരൂപം കാട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിച്ചാല്‍ ജനം എന്ത് ചെയ്യും എന്ന ചോദ്യവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. വിലക്കയറ്റത്തിന്റെ ഫലമായി ഉണ്ടാകുന്ന നാണയ പെരുപ്പം ഒരു പരിധി വരെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയ ഘട്ടത്തില്‍ വന്നിരിക്കുന്ന പുതിയ പ്രതിസന്ധി കാര്യമായി തന്നെ സര്‍ക്കാരിനെ അലട്ടുന്നുമുണ്ട്.
ലോറി ഡ്രൈവര്‍മാരുടെ കുറവ് ഇത്തരത്തില്‍ ഭയാനകമായി മാറുകയാണെങ്കില്‍ വിദേശത്തു നിന്നും ആളെ എത്തിക്കാന്‍ നടപടി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി തലത്തില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള ലണ്ടന്‍, കെന്റ് പ്രദേശത്താണ് ഇന്നലെ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമായത്. അതേസമയം ഫാമുകള്‍, ഫാക്ടറികള്‍, റോഡ് ഗതാഗതം എന്നിവയെ ബ്രക്‌സിറ്റ് ബാധിക്കാതിരിക്കാന്‍ ഈ മേഖലയില്‍ കൂടുതല്‍ വിദേശികളെ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബ്രിട്ടന്റേത്.
എന്നാല്‍ പ്രതിസന്ധിയെ കുറിച്ച് മാസങ്ങള്‍ക്കു മുന്‍പേ സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടും കണ്ണും കെട്ടി നോക്കിനില്‍ക്കുക ആയിരുന്നു സര്‍ക്കാറെന്നും വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞു. ഏകദേശം ഒരു ലക്ഷം ഡ്രൈവര്‍മാരുടെ കുറവ് നികത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ എന്ത് മാജിക്കാണ് ഉള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു.