18 August, 2021 07:45:56 PM
പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 88,000 രൂപ പിഴയും. തിരുവനന്തപുരം കുന്നുകുഴി സ്വദേശി ഗുണ്ടു അരുൺ എന്ന അരുണാണ് (28) ശിക്ഷിക്കപ്പെട്ടത്. പ്രത്യേക അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ആർ. ജയകൃഷ്ണൻ്റെതാണ് ഉത്തരവ്. 17ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അരുൺ. ഇന്ത്യൻ ശിക്ഷാ നിയമം 342,354 (ബി), 376(2) (എഫ്) 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്‌സോ, ജുവനൈൽ നിയമങ്ങൾ പ്രകാരവുമാണ് ശിക്ഷ.
പ്രതിയിൽ നിന്നു ലഭിക്കുന്ന പിഴ തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവിലൂടെ കോടതി സർക്കാരിന് നിർദേശം നൽകി. 2019 മേയ് രണ്ടിനായിരുന്നു സംഭവം. ഇരയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ഇരയുടെ അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. സംഭവദിവസം മദ്യലഹരിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ അരുൺ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയുടെ അനുജൻ ബഹളമുണ്ടാക്കി. ഇതു കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അരുൺ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ദിവസങ്ങൾക്കു ശേഷം മ്യൂസിയം പൊലീസ് അതിസാഹസികമായി പ്രതിയെ പിടി കൂടുകയായിരുന്നു. സി.ഐ. ബിജു, എസ്.ഐ. സുനിൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സജിത്ത്, അജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. 2019 ജൂലൈയിൽ മ്യൂസിയം പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി റിമാൻഡിൽ കിടന്നാണ് വിചാരണ നേരിട്ടത്. കിളിമാനൂർ കൊലക്കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി 17 ഓളം കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട അരുൺ.