16 August, 2021 06:42:08 PM
എഞ്ചിനിയറിങ് വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പിന്നാലെ പ്രതി അറസ്റ്റിൽ
വിശാഖപട്ടണം: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പട്ടാപ്പകൽ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ നഗരത്തിൽ സ്വാതന്ത്ര്യദിനമായ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനി രമ്യശ്രീ(20) ആണ് ദാരുണമായി വധിക്കപ്പെട്ടത്. നാടിനെ നടുക്കിയ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികൃഷ്ണ(22) എന്നയാളാണ് അറസ്റ്റിലായത്.
ഞായറാഴ്ച പകൽ ഗുണ്ടൂരിലെ കാകനി റോഡില്‍കൂടി രമ്യശ്രീ നടന്നു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ശശികൃഷ്ണ ബൈക്കിൽ രമ്യശ്രീയുടെ സമീപത്ത് എത്തി ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച് നടന്നു നീങ്ങാൻ ഒരുങ്ങിയ ശശികൃഷ്ണ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും തുടരെ കുത്തിവീഴ്ത്തിയതോടെ രമ്യശ്രീ ഗുരുതരാവസ്ഥയിലായി. ഈ സംഭവത്തിനു ശേഷം ശശികൃഷ്ണ ഉടൻ ബൈക്കിൽ കയറി രക്ഷപെട്ടു.
രമ്യശ്രീയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗുണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് ശശികൃഷ്ണയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് എത്തിയ പൊലീസ് ശശികൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം കൈയിലെ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ശശികൃഷ്ണ. ഇയാളെ പൊലീസ് കാവലിൽ ഗുണ്ടൂരിലെ സർക്കാർ ആശുപത്രി സെല്ലിലേക്ക് മാറ്റി.
നേരത്തെ ഇൻസ്റ്റാഗ്രാം വഴി ശശികൃഷ്ണ, രമ്യശ്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. എട്ടാം ക്ലാസിൽ പഠനം നടത്തിയ ശശികൃഷ്ണ ഒരു ഓട്ടോ മൊബൈൽ വർക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ രമ്യശ്രീ മറ്റൊരു യുവാവുമായി അടുപ്പത്തിലായതിനെ ചൊല്ലി, ശശികൃഷ്ണയുമായി തർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു.