30 July, 2021 08:17:49 PM


കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്നശേഷം യുവാവ് ജീവനൊടുക്കി



കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി  മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രാഖിനാണ് വെടിവച്ചത്.


മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഗിൻ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ രാഗിൻ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.


രാഖിൻ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ കോതമംഗലം പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം. മാനസ കോളജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഖിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വെച്ചാണ് വെടിവെച്ചത്. ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഖിൻ ഇവിടെയെത്തിയതാണെന്നാണ് വിവരം.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. മാനസയുടെ പക്കൽ രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് വെടിയുതിർത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്.

രാഖിൽ ശല്യപ്പെടുത്തുന്നു എന്ന് കാണിച്ച് കണ്ണൂർ ഡിവൈ എസ് പിക്ക് മാനസയുടെ പിതാവ് ഒന്നര മാസം മുമ്പ് പരാതി നൽകിയിരുന്നു. ഇനി ശല്യപെടുത്തില്ലന്ന് പോലീസിനോട് രാഖിൽ സമ്മതിച്ചിരുന്നു. എഫ് ഐ ആർ ഇട്ട് കേസ് എടുക്കാൻ പെൺകുട്ടിയുടെ കുടുംബത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ ഒഴിവായാൽ മതി എന്നായിരുന്നു നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K