20 July, 2021 01:29:35 PM
പ്രിയങ്ക ചോപ്രയുടെ പിറന്നാളിന് ഭര്‍ത്താവിന്‍റെ സമ്മാനം 1.31 ലക്ഷം രൂപയുടെ ഒരു ബോട്ടില്‍ വൈന്‍
മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു നടി പ്രിയങ്കാ ചോപ്രോയുടെ പിറന്നാൾ. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്കയുടെ 39-ാം പിറന്നാളിന് ഹോളിവുഡിലടക്കം നിരവധി പ്രമുഖർ ആശംസകൾ നേർന്നിരുന്നു. എന്നാൽ ഭർത്താവ് നിക്ക് ജോനാസ് പ്രിയങ്കയ്ക്ക് നൽകിയ പിറന്നാൾ സമ്മാനമാണ് ഏവരെയും ഞെട്ടിച്ചതും വൈറലായതും. ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള പ്രിയങ്ക ഈ സസ്പെൻസും ആരാധകർക്ക് വേണ്ടി പങ്ക് വെച്ചു.
പ്രിയങ്കയുടെ പിറന്നാൾ ദിവസം നിക്ക് ഒപ്പമുണ്ടായിരുന്നില്ല. ലണ്ടനിലായിരുന്നു പ്രിയങ്ക ചോപ്ര. നിക്ക് ജോനാസ് യുഎസ്സിലും. എങ്കിലും പ്രിയതമയുടെ പിറന്നാളിന് വിലകൂടിയ ഒരു സമ്മാനം തന്നെ നിക്ക് നൽകിയിരുന്നു. വിലകൂടിയ റെഡ് വൈനാണ് പിറന്നാളിന് നിക്ക് പ്രിയങ്കായ്ക്ക് നൽകിയത്. ഇതിന്‍റെ ചിത്രവും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡ് റെഡ് വൈനാണ് നിക്ക് പിറന്നാൾ ആഘോഷത്തിന് പ്രിയങ്കയ്ക്ക് നൽകിയത്.
എന്താണ് ഈ വൈനിന്‍റെ പ്രത്യേകത എന്നല്ലേ, ലക്ഷങ്ങൾ വില വരുന്ന അപൂർവ വൈനാണ് 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡ്. 750 ml 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡിന്റെ വില 131,375 രൂപയാണ്. ഈ വൈനിന്റെ ഒരു ബോട്ടിൽ ആണ് പിറന്നാൾ ആഘോഷത്തിനായി താൻ അടുത്തില്ലെങ്കിലും നിക്ക് പ്രിയങ്കയ്ക്കായി നൽകിയിരിക്കുന്നത്.
2018 ലാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. വിവാഹ നിശ്ചയത്തിന് നിക്ക് നൽകിയ മോതിരവും അന്ന് വാർത്തകളിൽ ഇടംനേടിയിരുന്നു. മുമ്പെപ്പോഴോ വിവാഹ നിശ്ചയത്തിന് ടിഫാനീസിന്റെ മോതിരം ധരിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രിയങ്കാ ചോപ്ര പറഞ്ഞിരുന്നു. ഇത് ഓർത്തു വെച്ച നിക്ക്, പ്രിയങ്ക ആഗ്രഹിച്ച മോതിരത്തിനായി ഏറെ അന്വേഷിച്ചെന്നും ഒടുവിൽ സഹോദരന്മാരാണ് തന്നെ സഹായിച്ചതെന്നും പറഞ്ഞിരുന്നു.