13 July, 2021 05:20:06 PM
ഗർഭിണിയായ മുൻകാമുകിയെ കാമുകൻ പുതിയ കാമുകിയുമൊത്ത് കൊന്ന് കായലിൽ തള്ളി
ആലപ്പുഴ: പള്ളാത്തുരുത്തി ആറ്റിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം കണ്ടെത്തിയത്.
അനിതയുടെ കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധത്തിലേർപ്പെടുന്നതിനിടയിൽ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനി സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തിൽ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.
പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അനിതയുടെ ഫോൺ കോളുകൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തിൽ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം അനിത ചേർന്നത്. തുടക്കത്തിൽ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയുടെ കടന്നു വരവോടെ കീഴ്മേൽ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടർന്ന് അസ്വാരസ്യങ്ങൾ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയിൽ എത്തുന്നത്.
കേസന്വേഷണം വേഗം മുന്നോട്ടു കൊണ്ടു പോകാൻ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് 5 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ തന്നെ പ്രബീഷിനെയും രജനിയേയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നിലമ്പൂർ സ്വദേശിയാണ് പ്രബീഷ്. ഇയാൾ വർഷങ്ങളായി ആലപ്പുഴയിൽ താമസിച്ച് വരികയാണ്. രജനിയും മക്കളെ പോലും ഉപേക്ഷിച്ച് പ്രബിഷിന് ഒപ്പം വർഷങ്ങളായി ഉണ്ട്. എന്നാൽ ഇവർ ആരും തന്നെ നിയമപരമായി വിവാഹിതരല്ല. വിവാഹേതര ബന്ധങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു.
അനിതയും പ്രബീഷും തമ്മിലുള്ള അടുപ്പം രജനിയുമായും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒടുവിൽ ഇരുവരും ചേർന്ന് അനിതയെ ഇല്ലാതാക്കാനായി തീരുമാനിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി തോട്ടുവാത്തലയിലെ വീട്ടിലേക്ക് അനിതയെ സനേഹ പൂർവ്വം വിളിച്ച് വരുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി രജനിയും പ്രബീഷും ചേർന്ന് കായലിൽ തള്ളിയതും.