08 July, 2021 06:14:35 PM
കോവിഡിനു പിന്നാലെ സിക്കയും: സംസ്ഥാനത്ത് ആദ്യ സിക്ക വൈറസ് തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുകാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഡെങ്കിപ്പനിക്കും ചിക്കന്‍ഗുനിയക്കും സമാനമായ രോഗലക്ഷണമാണ് സിക്ക വൈറസിനും. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്.
സിക്ക വൈറസ്
ഫ്ലാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ലാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ് (Zika virus (ZIKV)) പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് ഇവ പകരാൻ ഇടായാക്കുന്നത്.
മനുഷ്യരിൽ സിക്ക പനി എന്നു പേരുള്ള ലഘുപനി വരാൻ ഇവ ഇടയാക്കുന്നു. 1950 -കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റർ ദ്വീപ് 2015 -ൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകർച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.