24 May, 2021 05:30:53 AM
ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ദില്ലി : മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി രോഹിണി കോടതി സുശീലിനെയും മറ്റൊരു പ്രതിയായ അജയ് കുമാറിനെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഡെൽഹി പൊലീസ് ആവശ്യപ്പെട്ടെങ്കിലും ആറു ദിവസമാണ് കോടതി അനുവദിച്ചത്.
വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍ നിന്നും ശനിയാഴ്ചയാണ് സുശീല്‍ കുമാർ അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീല്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെയ് നാലിന് സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വച്ചുണ്ടായ ആക്രമണത്തിനിടയിലാണ് സാഗര്‍ കുമാര്‍ കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നാലെ 18 ദിവസത്തോളം സുശീല്‍ കുമാര്‍ ഒളിവിൽ കഴിഞ്ഞു. ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചു ദിവസത്തെ താമസം. പിന്നീട് തിരികെ ഡല്‍ഹിയിലെത്തി. ഇതിനിടെ മീററ്റിലെ ടോള്‍പ്ലാസയിലെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ഇതിനിടെ കാര്‍ ഉപേക്ഷിച്ച ഇരുവരും യാത്ര സ്‌കൂട്ടറിലാക്കിയിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ച് പൊലീസ് പിടികൂടിയത്.
മുന്‍കൂര്‍ ജാമ്യത്തിനായി സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീല്‍കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാഗര്‍ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.