23 May, 2021 02:15:06 PM
കുട്ടികളെ തട്ടിയെടുത്ത് വൻവിലയ്ക്ക് മറിച്ചു വിൽക്കുന്ന സംഘം അറസ്റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത് മറിച്ചു വിൽക്കുന്ന 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വലിയ വിലക്ക് വിൽപ്പന നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏപ്രിൽ 12 ന് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
15 ദിവസം മാത്രം പ്രായമായ മകനെ തട്ടികൊണ്ട് പോയെന്ന് മാതാവ് ഫാത്തിമ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം വലയിലാകുന്നത്. തങ്ങളുടെ മുറികളിലൊന്ന് വാടകയ്ക്ക് എടുക്കുന്നതിന്റെ മറവിൽ ദമ്പതികൾ ഫാത്തിമയുടെ വീട് സന്ദർശിച്ചിരുന്നു. അവർ മയക്ക് മരുന്ന് ചേർത്ത പാനിയം നൽകി ഫാത്തിമയെ അബോധാവസ്ഥയിലാക്കിയിട്ടാണ് കുട്ടിയെ തട്ടിയെടുത്തത്.
ഫാത്തിമയുടെ പരാതിയിൽ പുതിയ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ, ഒരു സ്ത്രീ നേതൃത്വം നൽകുന്ന സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വൻ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് മനസിലാക്കി. ലഖ്‌നൗവിലെ ആലം ബാഗ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ മധുബൻ കോളനി സ്വദേശിയായ അലോക് അഗ്നിഹോത്രിയിൽ നിന്നാണ് ഫാത്തിമയുടെ മകനെ ശനിയാഴ്ച രക്ഷപ്പെടുത്തിയത്.
അഗ്നിഹോത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് സംഘത്തെ പിടികൂടാൻ സഹായമായത്. തുടർന്ന് നടത്തിയ റെയ്ഡിൽ 11 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ കണ്ടെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു. ഒരു ഡസനോളം കുട്ടികളെ ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.