25 April, 2021 09:47:34 PM


നടന്‍ ആദിത്യന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ



തൃശ്ശൂർ : സിനിമ, സീരിയൽ താരം ആദിത്യനെ കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ അസ്വാഭാവികമായി കാര്‍ കാനയിലേക്ക് ഇറങ്ങിക്കിടക്കുന്നത് കണ്ട് അടുത്തെത്തിയ സുഹൃത്തുക്കളും പൊലീസുമാണ് ആദിത്യനെ തിരിച്ചറിഞ്ഞത്. ഇന്ന് വൈകുന്നേരം 7.30 നാണ് നടന്‍ ആദിത്യനെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്‌ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വാഹന നമ്പര്‍ കണ്ടാണ് സുഹൃത്തുക്കള്‍ ആദിത്യനാണെന്നറിഞ്ഞത്.


ഡോര്‍ തുറന്നപ്പോള്‍ കണ്ടത് ചോരവാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ആദിത്യനെ. താങ്ങിയെടുത്തെപ്പോള്‍ മടിയില്‍ നിന്നും ഏതാനും ഗുളികള്‍ നിലത്തേക്ക് വീണു. ഈ ഗുളികകളും ആദിത്യന്‍ കഴിച്ചിരുന്നു എന്നാണ് കരുതുന്നത്. പൊലീസും സുഹൃത്തുക്കളും ചേര്‍ന്ന് തൊട്ടടുത്ത ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ശുശ്രൂഷ നല്‍കിയതോടെ അപകടനില തരണം ചെയ്തു. ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഞരമ്പ് മുറിച്ച ഇടതു കയ്യില്‍ തുന്നലും ഇട്ടു. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. എനിക്ക് മരിക്കണം എന്ന് ഇടയ്ക്കിടക്ക് പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു.  


ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമികനിഗമനം. ലോക്ക്ഡൗണ്‍ ആയതിനാല്‍ സംഭവം നടന്ന നടുവിലാലില്‍ ആരും ഇല്ലായിരുന്നു. വൈകുന്നേരമായപ്പോള്‍ സുഹൃത്തുക്കള്‍ ഇതുവഴി പോയപ്പോഴാണ് കാര്‍ കണ്ടത്. ഈ സമയം തന്നെ കാറിനടുത്തേക്ക് പൊലീസും എത്തുകയായിരുന്നു. അമിതമായി ഗുളിക കഴിച്ചതിനാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കാനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സീരിയൽ താരം അമ്പിളി ദേവി ഭാര്യയാണ്. ഇവരുടെ വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ സമീപ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K