19 March, 2021 06:59:25 PM


ഓണ്‍ലൈന്‍ ഹണി ട്രാപ്പിലൂടെ പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘങ്ങള്‍ സജീവമാകുന്നു



കോട്ടയം: ഓണ്‍ലൈന്‍ ഹണി ട്രാപ്പിലൂടെ പണം തട്ടുന്ന  ഉത്തരേന്ത്യന്‍ സംഘങ്ങള്‍ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. ഫേസ്ബുക്കില്‍  അജ്ഞാതരായ സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റ് ആണ് ആദ്യം വരിക.  കൌമാരക്കാരായ കുട്ടികളും മറ്റു മുതിര്‍ന്ന ആളുകളും പലപ്പോഴും വിവേചനം ഇല്ലാതെ ഫ്രണ്ട് റിക്വസ്റ്റ്  സ്വീകരിക്കുന്നു. പിന്നീട്  ഫേസ് ബുക്ക്‌   മെസഞ്ചറില്‍ ചാറ്റ് ചെയ്യുകയും സാധിക്കുമെങ്കില്‍ മൊബൈല്‍ നമ്പര്‍ തന്ത്രത്തില്‍ കൈക്കലാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.


പിന്നീട് ന്യൂഡ്‌  ചാറ്റിനുള്ള ഇവരുടെ ക്ഷണിക്കലില്‍ സാഹചര്യവശാല്‍ ഇതിനു പലരും വഴിപ്പെടുന്നുണ്ട്. മറു സൈഡില്‍ ചാറ്റ് സ്ക്രീന്‍ ഷോട്ട് വഴിയോ സ്ക്രീന്‍ റെക്കോര്‍ഡര്‍ വഴിയോ സേവ് ചെയ്യുന്നുണ്ട്.  ചാറ്റിങ് കഴിഞ്ഞതിനു ശേഷം ചാറ്റ്  ചെയ്ത പുരുഷന്‍റെ ഫോട്ടോ കാണിച്ചു ഫേസ്ബുക്ക്‌ പോസ്റ്റ്‌ റെഡിയാക്കി ഇപ്പൊ നിങ്ങളുടെ നഗ്നചിത്രം  ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്യും അല്ലെങ്കില്‍ പണം നല്‍കണം എന്ന് ഭീഷണിപ്പെടുത്തും. തുടര്‍ന്ന്  നാണക്കേട്‌ ഓര്‍ത്ത് പലരും അവര്‍ പറയുന്ന ബാങ്ക് അക്കൌണ്ടിലെയ്ക്കോ ഗൂഗിള്‍ പേ  വഴിയോ മറ്റു ഇലക്ട്രോണിക് മണി ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ വഴിയോ അയച്ചു നല്‍കുകയാണ് പതിവ്.  


ഒരുപ്രാവശ്യം അയച്ചു നല്‍കിയാല്‍ വീണ്ടും അയയ്ക്കാന്‍ ഭീഷണി ഉറപ്പാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ഉറക്കം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ട്‌  കോട്ടയം ഡി വൈ എസ് പി ഓഫീസില്‍ വന്ന  ആളുകള്‍ നിരവധിയാണ്.  പലരും ഇപ്പോഴും  മാനക്കേട്‌ ഓര്‍ത്ത് നിരന്തരം പണം നല്‍കിക്കൊണ്ടിരിക്കുന്നു.  കയ്യില്‍ പണം ഇല്ലാതിരുന്ന ഒരു ചെറുപ്പക്കാരന്‍  ഓണ്‍ ലൈന്‍ ലോണ്‍ എടുത്താണ് ഇവര്‍ക്ക് പണം നല്‍കിയത്.  ആയതിനാല്‍ ഇത്തരത്തില്‍ വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കാന്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഈ വിധം പണം ആവശ്യപ്പെട്ടുകൊണ്ട്  ഭീഷണി പ്പെടുത്തിയാല്‍  യാതൊരു കാരണ വശാലും പണം നല്‍കേണ്ടതില്ലെന്നും  ഉടന്‍ തങ്ങളെ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K