17 January, 2021 05:33:55 AM
സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ചാലക്കുടി: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയിൽനിന്നു 12.5 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. കണ്ണൂർ ചിറയ്ക്കൽ പുതിയതെരുവിൽ കവിതാലയം വീട്ടിൽ ജിഗീഷ് (37) ആണ് അറസ്റ്റിലായത്.
ക്രെയിൻ സർവീസ് സ്ഥാപനത്തിന്റെ ക്രെയിൻ റോപ്പ് പൊട്ടിവീണ് ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിത്തരാമെന്നു പറഞ്ഞാണ് പണം തട്ടിയത്. അപകടമരണവുമായി ബന്ധപ്പെട്ട് പാലിയേക്കരയിലുള്ള ക്രെയിൻ സർവീസ് സ്ഥാപനത്തിനെരിരേ 2019ൽ പുതുക്കാട് പോലീസ് കേസ് എടുത്തിരുന്നു.
ഈ കേസ് റദ്ദാക്കിത്തരാമെന്നും തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജിയുണ്ടെന്നും പറഞ്ഞ് ഒരാൾ ക്രെയിൻ സർവീസ് ഉടമസ്ഥരെ സമീപിച്ചു. തുടർന്ന് ടോൾ പ്ലാസയ്ക്കു സമീപം ബെൻസ് കാറിൽ ജഡ്ജി ചമഞ്ഞെത്തിയാണു ജിഗീഷ് പണം ആവശ്യപ്പെട്ടത്. സുപ്രീം കോടതി ജഡ്ജി ആയതിനാൽ തുക അക്കൗണ്ട് വഴി വാങ്ങുന്നത് പ്രൊട്ടോകോൾ ലംഘനമാണെന്നും നേരിട്ട് നല്കിയാൽ മതിയെന്നും പറഞ്ഞു.
അദ്യ ഗഡുവായി അഞ്ചര ലക്ഷം രൂപ നേരിട്ടു വാങ്ങി. പിന്നീട് മറ്റൊരു ദിവസം ബാക്കിതുകയും ടോൾ പ്ലാസയ്ക്കു സമീപംവച്ചു വാങ്ങി. ഒരാഴ്ചയ്ക്കകം കേസ് റദ്ദാക്കിയതിന്റെ ഓർഡർ കിട്ടുമെന്നും അറിയിച്ചു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതായപ്പോൾ ജിഗീഷിനെ പരാതിക്കാരൻ ബന്ധപ്പെട്ടപ്പോൾ ഡൽഹിയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. മറ്റൊരാളുടെ പേരിലുള്ള ചെക്ക് ക്രെയിൻ സർവീസുകാർക്കു നല്കി. ഇതു ബാങ്കിൽ നല്കിയപ്പോൾ പണമില്ലാത്തതിനാൽ മടങ്ങുകയും ചെയ്തു.
കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ക്രെയിൻ ഉടമ പുതുക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്കു താമസിച്ചു വന്നിരുന്ന ജിഗീഷിനായി കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സംശയകരമായ രീതിയിൽ ഒരാൾ അന്നമനട ഭാഗത്ത് താമസിക്കുന്നതായി അറിഞ്ഞ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനുശേഷമാണു പ്രതിയെ പിടികൂടിയത്.