01 January, 2021 02:12:06 PM


കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നാളെ കേരളത്തിലെ നാല് ജില്ലകളില്‍



തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.
 
ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനുശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.


കോവിഡ് വാക്സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്സിനുകള്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.


നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈ റൺ നടത്തുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ സംഭരണത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയിട്ടുള്ളത്. വിതരണ ശൃംഖലകളും തയാറായിക്കഴിഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K