01 December, 2020 07:43:35 AM


സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തിൽ



റിയാദ്: സൗദിയില്‍ സമ്പൂര്‍ണ വേതന സംരക്ഷണ നിയമം നാളെ മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ വഴി മാത്രമായിരിക്കും ഇനി ശമ്പളവിതരണം. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കൃത്യസമയത്ത് തൊഴിലാളിക്ക് ശമ്പളം ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കുന്നത്.


രാജ്യത്തെ തൊഴില്‍ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് വേതന സംരക്ഷണ നിയമത്തിന് തുടക്കം കുറിച്ചത്. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ വേതന സംരക്ഷണ നിയമത്തിന്‍റെ അവസാന ഘട്ടത്തിനാണ് നാളെ മുതല്‍ തുടക്കമാകുക. ഒന്ന് മുതല്‍ നാല് ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുക. തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൌണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, കൃത്യസമയത്ത് ശമ്പളം നല്‍കുക എന്നിവയാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ഒന്നു മുതല്‍ നാല് വരെ ജീവനക്കാരുള്ള നാല് ലക്ഷത്തോളം സ്ഥാപനങ്ങളാണ് സൌദിയിലുള്ളത്.


വൻകിട സ്ഥാപനങ്ങളില്‍ വേതന സുരക്ഷാനിയമം ആദ്യ ഘട്ടത്തില്‍ തന്നെ നടപ്പാക്കിട്ടുണ്ട്. ശമ്പളം കൃത്യസമയത്ത് ലഭിച്ചില്ലെങ്കില്‍ ബാങ്ക് രേഖ തെളിവാകുമെന്നതാണ് പ്രത്യേകത. ഇതു വെച്ച് തൊഴിലാളിക്ക് മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതിപ്പെടാം. തുടരെ ശമ്പളം വൈകിയാല്‍‌ സ്പോണ്‍സര്‍ഷിപ്പ് മാറാനും തൊഴിലാളിക്ക് സാധിക്കും. രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നിയമം ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയവും വിദേശികള്‍ ഉള്‍പ്പെടുന്ന പ്രവാസികളും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K