27 November, 2020 04:29:41 PM


സ്വകാര്യചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി: ഹസിൻ ജഹാന്‍റെ സഹായിയുടെ മകൻ അറസ്റ്റിൽ



കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ 25 വയസ്സുകാരന്‍ അറസ്റ്റിൽ. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയെന്നാണു പൊലീസ് പറയുന്നത്. ഹസിൻ ജഹാന്റെ പരാതിയെ തുടർന്ന് കാനിങ് സ്റ്റേഷൻ റോഡ് പരിസരത്തുനിന്നാണു യുവാവിനെ പിടികൂടിയത്.


ഹസിൻ ജഹാന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാൾ വിളിക്കാൻ തുടങ്ങി. പണം നൽകിയില്ലെങ്കിൽ ഹസിൻ ജഹാന്റെ സ്വകാര്യ ചിത്രങ്ങൾ, മൊബൈൽ ഫോൺ നമ്പരുകൾ‌ എന്നിവ സമൂഹമാധ്യമത്തിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇയാള്‍ ഹസിൻ ജഹാനെ അധിക്ഷേപിച്ചതായും പരാതിയിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.


ആദ്യ ദിവസങ്ങളിൽ യുവാവിന്റെ ആവശ്യത്തോട് ഹസിൻ ജഹാൻ പ്രതികരിച്ചില്ല. എന്നാൽ ഭീഷണി പതിവായതോടെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നവംബർ 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണി സന്ദേശങ്ങൾ എത്തിയ ഫോൺ നമ്പരുകൾ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി. ഹസിനും ഷമിയും വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയ ശേഷം പലതവണ അവര്‍ വിവാദങ്ങളിൽ പെട്ടിരുന്നു.


ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഹസിൻ അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചും വാർത്തകളിൽ ഇടം നേടി. രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് ഹസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി ഉയർന്നിരുന്നു. കൊൽക്കത്ത പൊലീസ് സുരക്ഷ നൽകുന്നില്ലെന്ന പരാതിയുമായി ഹസിൻ കോടതിയെ സമീപിച്ചിട്ടുമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K