26 October, 2020 12:34:39 PM
കവര്‍ച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കി
കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും കോട്ടയം, എറണാകുളം ജില്ലകളില്‍ മോഷണം പിടിച്ചുപറി, കവര്‍ച്ച, വധശ്രമം തുടങ്ങി 15 ഓളം കേസ്സുകളില്‍ പ്രതിയുമായ ഏഴാച്ചേരി വെള്ളിലേപ്പള്ളി കുന്നേല്‍ പ്രശാന്തിന്‍റെ മകന്‍ വിഷ്ണു പ്രശാന്തിനെ രാമപുരം പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് നടന്ന സ്വര്‍ണ്ണമാല കവര്‍ച്ച കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ആലുവ സബ് ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. സമാന കുറ്റകൃത്യങ്ങള്‍ക്ക് മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള വിഷ്ണു പ്രശാന്ത് ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് കടുത്തുരുത്തി, ചോറ്റാനിക്കര, മൂവാറ്റുപുഴ, പിറവം, ഹില്‍പാലസ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കവര്‍ച്ച കേസ്സുകളില്‍ പ്രതിയുമാണ്. ജില്ലയില്‍ തുടര്‍ച്ചയായി പൊതുജന സമാധാനലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടും വരുന്നവര്‍ക്കെതിരെ കാപ്പാ ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.