23 October, 2020 01:22:15 PM


ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ്; ഫലം കാണാതെ മധ്യസ്ഥ സമിതിയുടെ ഒത്തുതീര്‍പ്പ് ശ്രമം



കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള മധ്യസ്ഥസമിതിയുടെ ശ്രമം ഫലം കാണുന്നില്ല. പ്രതീക്ഷിച്ച ആസ്തികള്‍ ലഭിക്കാത്തതും ഉള്ള ആസ്തിയുടെ വിവരങ്ങള്‍ പലരും മധ്യസ്ഥസമിതിക്ക് നല്‍കാത്തതുമാണ് പ്രശ്നം. ഇതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ജില്ലാലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. ആസ്തികള്‍ വില്‍പ്പന നടത്തി നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കാനായിരുന്നു മധ്യസ്ഥസംഘത്തിന്‍റെ ശ്രമം. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് ചര്‍ച്ചയായതോടെ മുസ്ലിം ലീഗ് ജില്ലാനേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു.


ഈ ചര്‍ച്ചക്ക് ശേഷമാണ് കേസില്‍ മധ്യസ്ഥ നീക്കത്തിന് സംസ്ഥാന നേതൃത്വം കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ആസ്തികളെയും ബാധ്യതകളെയും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ മാസം 30ന് കല്ലട്രമാഹിന്‍ ഹാജി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. മധ്യസ്ഥ നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായാണ് സൂചന.


മധ്യസ്ഥ നീക്കം നടത്തുന്നവര്‍ ആസ്തികള്‍ വില്‍പ്പന നടത്തി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാനായിരുന്നു ശ്രമം. എന്നാല്‍ ആസ്തികളെ കുറിച്ച് കൃത്യമായി വിവരം ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ലെന്ന് സൂചനയുണ്ട്. ഇതാണ് മധ്യസ്ഥ നീക്കം പരാജയപ്പെടാന്‍ കാരണം. പ്രശ്നം പരിഹരിക്കാന്‍ സ്ഥാപന മേധാവികള്‍ സഹകരിക്കുന്നില്ലെന്നാണ് പരാതി. ഇതോടെയാണ് സംസ്ഥാന നേതൃത്വം ലീഗ് ജില്ലാനേതൃത്വത്തെ വീണ്ടും പാണക്കാട്ടേക്ക് വിളിപ്പിച്ചത്. ജില്ലാ നേതാക്കളോടും എം.എല്‍.എമാരോടും അടുത്ത ആഴ്ച പാണക്കാട് എത്താനാണ് നിര്‍ദ്ദേശം.


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. പ്രശ്നം പരിഹരക്കാനായില്ലെങ്കില്‍ എം.സി കമറുദ്ദീനെതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് ലീഗ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഫാഷന്‍ ഗോള്‍ഡ് സ്ഥാപനവുമായി ബന്ധമുള്ള മുഴുവന്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും ലീഗ് സംസ്ഥാന നേതൃത്വം നടപടി എടുക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K