01 October, 2020 10:54:41 AM
ബംഗളൂരുവിൽ നിന്ന് കാണാതായ രണ്ടര വയസ്സുകാരി കളിയിക്കാവിളയില്‍; ഐസ്ക്രീം നല്‍കി തട്ടിയെടുത്തത് മലയാളി
തിരുവനന്തപുരം: ബംഗളൂരുവിൽ വച്ച് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കളിയിക്കാവിളയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതിനായി ബംഗളൂരു ഊപ്പർസെട്ട് പൊലീസ് സംഘം നാഗര്‍വിലിലേക്ക് തിരിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പൊലീസ് സംഘം ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും അന്വേഷിക്കും.
ഏഴ് വയസുകരാനായ ആൺകുട്ടിയും രണ്ടര വയസ്സുകാരിയായ പെൺകുട്ടിയുമായി കളിയിക്കാവിള ബസ് സ്റ്റാൻഡിൽ വച്ചാണ് ജോസഫ് ജോൺ പിടിയിലാകുന്നത്. രാത്രി പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. പെൺകുട്ടി തുടർച്ചയായി കരയുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാൾ വ്യക്തമാക്കിയത്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നും ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുൻപായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര സ്വദേശിനിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാൻ ഇയാൾക്കൊപ്പമുണ്ടായിരുന്നു.
ബംഗളൂരുവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു ഇയാൾ. കൂടെയുള്ള ഏഴ് വയസ്സുകാരൻ തന്‍റെ മകനാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കർണ്ണാടകയിലെ ഊപ്പർ സേട്ട് പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. കൂടാതെ തന്‍റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു. കുഞ്ഞുങ്ങളെ തമിഴ്നാട് പൊലീസ് ചൈൽഡ് കെയർ സെന്‍ററിലാക്കി. ഇവരെ കർണ്ണാടക പൊലീസിന് കൈമാറും.