27 September, 2020 03:30:42 PM
മാന്നാനം ഷാപ്പിലെ കൊലപാതകം: വാക്കേറ്റവും പോരും ആരംഭിച്ചത് വാരിമുട്ടം ഷാപ്പില്‍നിന്ന്
ഏറ്റുമാനൂര്‍: മാന്നാനത്ത് കള്ള് ഷാപ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. ശനിയാഴ്ച രാവിലെ മുതല്‍ കൂട്ടുകൂടി മദ്യപിച്ചിരുന്ന സംഘാംഗങ്ങള്‍ക്കിടയില്‍ പണത്തെചൊല്ലിയുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെയിന്‍റിംഗ് തൊഴിലാളിയായ അതിരമ്പുഴ മാന്നാനം നടുംപറമ്പില്‍ സന്തോഷ് (45) ആണ് ശനിയാഴ്ച വൈകിട്ട് 7 മണിയോടെ മാന്നാനം കള്ളുഷാപ്പിന്‍റെ മുന്നില്‍ കത്തികുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ കൂട്ടുകാരന്‍ മാന്നാനം സ്വദേശി രതീഷി(50)നെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പകല്‍ മാന്നാനം കള്ളുഷാപ്പിലെത്തി മദ്യപാനവും കഴിഞ്ഞ് കൂട്ടുകൂടി പോയ സന്തോഷും രതീഷും സംഘവും പിന്നീട് വാരിമുട്ടത്തെ കരടിക്കുഴി ഷാപ്പിലെത്തി. മാന്നാനം - ആര്‍പ്പൂക്കര റോഡില്‍ പാടത്തിനരികെ സ്ഥിതിചെയ്യുന്ന ഷാപ്പില്‍വെച്ചാണ് പണമിടപാട് സംബന്ധിച്ച് ഇവര്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. ഇടപെടാന്‍ ചെന്ന ഷാപ്പ് ജീവനക്കാരെ മര്‍ദ്ദിക്കാനൊരുങ്ങുകയും കുപ്പികള്‍ തല്ലിപൊട്ടിക്കുകയും ചെയ്ത ഇവര്‍ ഷാപ്പില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവത്രേ. ഇവിടെ നിന്നും ഇറക്കിവിടപ്പെട്ട ശേഷം വൈകിട്ട് മാന്നാനം ഷാപ്പിന് മുന്നില്‍ എത്തിയ രതീഷും സന്തോഷും വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനിടെ സന്തോഷും കൂടെയുണ്ടായിരുന്ന കൊച്ചുമോന്‍ എന്നയാളും ചേര്‍ന്ന് രതീഷിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇവിടെനിന്നും വീട്ടിലേക്ക് പോയ രതീഷ് തിരിച്ചുവന്നത് കത്തിയുമായിട്ടായിരുന്നു. കൊച്ചുമോനെയും സന്തോഷിനെയും വകവരുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ആദ്യം കയ്യില്‍കിട്ടിയത് സന്തോഷിനെയായിരുന്നു. വയറിന്‍റെ രണ്ട് വശത്തും കുത്തേറ്റ സന്തോഷിന്‍റെ കുടൽ പുറത്തു വന്നിരുന്നു. ഷാപ്പിന് മുന്‍വശം ഇരുട്ടായിരുന്നതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഷാപ്പ് അടക്കുന്നതിനിടെയാണ് കുത്തേറ്റ സന്തോഷ് ഇരുട്ടത്ത് വീണുകിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്. ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജയശ്രീയാണ് മരിച്ച സന്തോഷിന്‍റെ ഭാര്യ. മക്കൾ : അരവിന്ദ്, അജ്ഞന