18 September, 2020 11:35:13 PM


വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങി: കൊട്ടിയം പോലീസ് സിഐക്ക് സസ്‌പെന്‍ഷന്‍



കൊല്ലം: റംസിയുടെ ആത്മഹത്യ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം സിഐ കെ. ദിലീഷിന് സസ്പെന്‍ഷന്‍. വാഹനം പിടിച്ച ശേഷം രസീതില്ലാതെ പണം വാങ്ങി എന്ന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇന്ന് രാത്രിയോടെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് സിഐക്ക് കൈമാറിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണര്‍ ടി.എസ് നാരായണനാണ് നടപടി സ്വീകരിച്ചത്. 


റംസിയുടെ ആത്മഹത്യക്ക് കാരണക്കാരായ കൂട്ടുപ്രതികളായ സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെയും കുടുംബത്തെയും അറസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കൊട്ടിയം പൊലീസ് സഹായിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഐയെ സസ്പെന്റ് ചെയ്തത്. റംസിയുടെ ആത്മഹത്യാ കേസ് അന്വേഷിച്ചിരുന്നത് സിഐ ദിലീഷും കണ്ണനല്ലൂര്‍ സിഐ യു.പി വിപിന്‍കുമാറുമായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പിന്നാലെ സിഐയുടെ സസ്പെന്‍ഷന്‍ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തു.


എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണച്ചുമതല കൈമാറി. വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി സെപ്റ്റുംബര്‍ 3നാണ് തൂങ്ങിമരിച്ചത്. പള്ളിമുക്ക് സ്വദേശി ഹാരീസാണ് കേസിലെ മുഖ്യപ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരീസിന്റെ അമ്മ, ജ്യേഷ്ഠന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവര്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി 23ലേക്ക് മാറ്റിയിരുന്നു. 


റംസിയെ ആത്മഹത്യയിലേക്കു നയിച്ചതില്‍ ഹാരീസിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന റംസിയുടെ വീട്ടുകാരുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യം തേടിയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. 


റംസിയുടെ മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം അട്ടിമറിക്കാന്‍ ഭരണ സ്വാധീനം ഉപയോഗിക്കുന്നതായി റംസിയുടെ വീട്ടുകാരും ആക്ഷന്‍ കൗണ്‍സിലും ആരോപണമുന്നയിച്ചിരുന്നു. റംസിയുടെ മരണം നടന്ന് 14 ദിവസത്തിലധികമായിട്ടും ആരോപണ വിധേയരായവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്ന റംസിയുടെ പിതാവിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K