29 August, 2020 06:09:06 AM
ട്രംപ് കോവിഡിനെ ഗൗരവമായെടുത്തിട്ടില്ല: വിമർശനവുമായി ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെ വിമർശനം. ട്രംപ് സ്വീരിക്കുന്ന രീതി കാണുന്പോൾ ആദ്യം മുതൽ അദ്ദേഹം കോവിഡിനെ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല അധികൃതർ കുറ്റപ്പെടുത്തി.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ പകർച്ചവ്യാധി വിദഗ്ധൻ അമേഷ് അഡാൽജയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പ്രസംഗത്തിലുടനീളം കോവിഡ് വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈനയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് നടത്തിയത്. വൈറസിനെ കൈകാര്യം ചെയ്ത രീതിയെ പ്രതിരോധിക്കാനാണ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുന്നത്. അതോടൊപ്പം തന്റെ ഭരണ മികവിനെ കുറിച്ച് നിരവധി അസത്യങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങളാണ് അദ്ദേഹം ജനങ്ങൾക്കു മു്ന്പിൽ അവതരിപ്പിച്ചത്- അഡാൽജ പറഞ്ഞു.
ജനുവരി പകുതി മുതൽ ആഴ്ചകളോളം കോവിഡിനെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നല്കിയ മുന്നറിയിപ്പുകളെല്ലാം പ്രസിഡന്റ് അവഗണിക്കുകയായിരുന്നു. ദേശീയ തലത്തിൽ കോവിഡ് പരിശോധനകൾ നടത്താനുള്ള പദ്ധതികൾ പോലും വളരെ മന്ദഗതിയിലാണ് നടപ്പാക്കിയത്- അദ്ദേഹം കുറ്റപ്പെടുത്തി.