28 August, 2020 11:38:12 PM
കോവിഡ് വ്യാപനം കുറഞ്ഞു; ചൈനയിൽ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നു
ബെയ്ജിങ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ അടുത്തയാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങി ചൈന. ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പുറത്തുനിന്ന് വന്നവരാണ് ഇവരെല്ലാം. 288 കോവിഡ് രോഗികള്‍ മാത്രമാണ് നിലവില്‍ ചൈനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ചൈനയിലെ സ്‌കൂളുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ണമായും തുറക്കാനൊരുങ്ങുന്നത്. മാസ്‌ക് നിര്‍ബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവര്‍ത്തനം. കോളേജുകളിലെ അണ്ടന്‍ഗ്രാജ്വേറ്റ് കോഴ്‌സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.
ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. 85,013 പേര്‍ക്ക് ചൈനയില്‍ കോവിഡ് ബാധിച്ചു. 4634 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.