12 July, 2020 04:16:13 PM
ബച്ചൻ കുടുംബം കോവിഡ് പിടിയില്‍: ഐശ്വര്യ റായിക്കും മകൾക്കും രോഗമെന്ന് ആരോഗ്യമന്ത്രി
മുംബൈ: പ്രമുഖ ബോളിവുഡ് നടിയും നടൻ അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കോവിഡ്. ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവ് ആയി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഐശ്വര്യക്കും ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ ഐശ്വര്യ റായിയുടേയും ആരാധ്യയുടേയും ജയാ ബച്ചന്റെയും ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
അമിതാഭ് ബച്ചന്റെ വസതി ജെൽസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അമിതാഭിനും മകനും നടനുമായ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ബിഎംഎസി അധികൃതർ നടപടി സ്വീകരിച്ചത്. ബച്ചന്റെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. പ്രദേശത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.