25 June, 2020 01:52:06 PM
സീരിയൽതാരത്തിന്‍റെ വീടിനും അമ്മയ്ക്കും നേരെ ആക്രമണം; പത്തു പേർക്കെതിരെ കേസ്
തൃശ്ശൂർ: സീരിയൽ താരം ആർദ്ര ദാസിന്‍റെ വീടിന് നേരെ ആക്രമണം നടത്തിയ പത്തുപേർക്കെതിരെ കേസ്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് കണ്ടാലറിയുന്ന പത്ത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആർദ്രയുടെ തിരുവില്വാമല പട്ടിപ്പറമ്പിലെ വീടിന് നേരെ ആക്രമണമുണ്ടായത്. താരത്തിന്‍റെ അമ്മ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആർദ്രയും അച്ഛൻ അനന്ത ലക്ഷ്മണനും തിരുവനന്തപുരത്തായിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം അമ്മയായ ശിവകുമാരിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. വീടിനെ മുന്നിലെ ചെടിച്ചട്ടികളും ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലിതകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് പാലക്കാട്ടുള്ള ബന്ധുക്കളെത്തിയാണ് ശിവകുമാരിയെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെ മദ്യപാന സംഘത്തിനെതിരെ പരാതി നൽകിയതിന്‍റെ വിരോധമാണ് വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് ആർദ്ര ആരോപിക്കുന്നത്.
അതേസമയം ആർദ്രയുടെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് സീരിയൽ നടിയുടെ അമ്മയ്ക്കെതിരെ കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. ഏതായാലും സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.