17 June, 2020 09:50:41 PM


പ്രൊഫ. ആശാ കിഷോര്‍ ശ്രീചിത്ര ഡയറക്ടറായി 2025 ഫെബ്രുവരി വരെ തുടരും



തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജിയുടെ നിലവിലെ ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരും. 2020 ജൂലൈ 17 മുതല്‍ 2025 ഫെബ്രുവരിയില്‍ വിരമിക്കുന്നത് വരെ പ്രൊഫ. ആശാ കിഷോറിന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാം. 2020 മെയ് 12-ന് ചേര്‍ന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനപ്രകാരമുള്ള ഉത്തരവ് 2ന് പുറത്തിറങ്ങി.


ഡയറക്ടര്‍ എന്ന നിലയില്‍ പ്രൊഫ. ആശാ കിഷോര്‍ നടത്തിയ മികച്ച പ്രവര്‍ത്തനം, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്‍സ്റ്റിറ്റ്യൂട്ട് കൈവരിച്ച പുരോഗതി, കീഴ്‌വഴക്കങ്ങള്‍, നിയമന ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍ മുതലായവ പരിഗണിച്ച്, 1981-ലെ എസ്‌സിടിഐഎംഎസ്ടി ചട്ടങ്ങളിലെ ചട്ടം 7 (ii), എസ്‌സിടിഐഎംഎസ്ടി ആക്ട് 1980-ലെ വകുപ്പ് 11 (1) എന്നിവ പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനം കൈക്കൊണ്ടത്.

 
പ്രൊഫ. ആശാ കിഷോര്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയത്. ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്ററിന് കീഴില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നതിന് 37 പുതിയ ഗവേഷണ പദ്ധതികള്‍ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ, അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നിവയ്ക്ക് ശക്തിപകരാന്‍ ഈ ഗവേഷണ പദ്ധതികള്‍ക്ക് കഴിയും. ശ്രീചിത്രയ്ക്ക് അകത്തും പുറത്തുമുള്ള ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടക്കുന്ന ഗവേഷണങ്ങളിലൂടെ വ്യവസായ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമായി.


മൂന്ന് വര്‍ഷത്തിനിടെ 18 പുതിയ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകളാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ഇതില്‍ ഒരെണ്ണം വിപിണിയിലെത്തിച്ചു. അഞ്ച് സാങ്കേതികവിദ്യകള്‍ കൂടി കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പങ്കാളിത്തത്തോടെ ഡീപ് ബ്രെയിന്‍ സിമുലേറ്റര്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രൊഫ. ആശാ കിഷോറിന്റെ നേതൃത്വത്തിലുള്ള ഗവേഷണവും പുരോഗമിക്കുകയാണ്.
 
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ പേറ്റന്റിനായി 84 -ഉം വിദേശ പേറ്റന്റിനായി 8 -ഉം അപേക്ഷകള്‍ സമര്‍പ്പിച്ചു. 24 ഡിസൈനുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച ഇന്ത്യന്‍ പേറ്റന്റുകളുടെ 50 ശതമാനവും വിദേശ പേറ്റന്റുകളുടെ 55 ശതമാനവും വരുമിത്. ഇക്കാലയളവില്‍ 12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും ശ്രീചിത്രയ്ക്ക് ലഭിച്ചു.
 
ശ്രീചിത്രയുടെ വിഷന്‍ 2030-യുടെ ഭാഗമായി ബയോടെക്‌നോളജി വിഭാഗത്തില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കോമ്പിനേഷന്‍ ഡിവൈസസ് ബ്ലോക്കില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതിനുള്ള കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കും. 11000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ബ്ലോക്ക് അധികം വൈകാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും. വൈദ്യശാസ്ത്ര ഉപകരണ നിര്‍മ്മാണ രംഗത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീചിത്ര രൂപംനല്‍കിയ ഇന്‍ക്യുബേറ്ററായ ടൈമെഡില്‍ നിലവില്‍ 9 സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വികസിപ്പിച്ചെടുത്ത രണ്ട് ഉപകരണങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.
 
ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പൊതുജനാരോഗ്യ രംഗത്ത് മികച്ച സംഭാവന നല്‍കാന്‍ ശ്രീചിത്രയുടെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന് കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സാമ്പത്തിക പിന്തുണയോടെ ഇരുപതിലധികം ഗവേഷണ പഠനങ്ങള്‍ ആരംഭിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വയനാട്ടില്‍ ആരംഭിച്ച ടെലിമെഡിസിന്‍ പ്രോജക്ട് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതാണ്. ഈ പദ്ധതിക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം നേടിയെടുക്കാനായി. കൊവിഡ്-19 പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് മികച്ച പിന്തുണയാണ് അച്യുതമേനോന്‍ സെന്റര്‍ നല്‍കി വരുന്നത്. 
 
ദ്രുതഗതിയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹുനില ആശുപത്രി കെട്ടിടവും ഇക്കാലയളവിലെ എടുത്തുപറയേണ്ട നേട്ടമാണ്. 170 കിടക്കകളോട് കൂടിയ ആശുപത്രിയുടെ നിര്‍മ്മാണം 2021 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെയും സാമ്പത്തിക പിന്തുണയോടെ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന നിര്‍മ്മാണച്ചെലവ് 230 കോടി രൂപയാണ്.
 
ഓട്ടിസം ക്ലിനിക്ക്, ഹൃദയ പരിക്ഷീണത ഐസിയു, കണ്‍ജനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി ഐസിയു, അഡ്വാന്‍സ്ഡ് മോളിക്യുളാര്‍ ജനറ്റിക് ലബോറട്ടറി, ന്യൂക്ലിക് ആസിഡ് അംപ്ലിഫിക്കേഷന്‍ ടെസ്റ്റിംഗ് സംവിധാനം, സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് സിടി സ്‌കാന്‍, ഡയാലിസിസ് യൂണിറ്റ്  മുതലായവ ആശുപത്രിയില്‍ സ്ഥാപിച്ചു.
 
കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ സഹായിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ ശ്രീചിത്രയില്‍ നിന്നുണ്ടായി. ഇതുമായി ബന്ധപ്പെട്ട് 24 പേറ്റന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും 26 ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയില്‍ ഉപയോഗിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് അതിവേഗതയില്‍ വിപണിയില്‍ എത്തിച്ചത് ശാസ്ത്ര ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 
 
2020 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 10 നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് കൈമാറി. കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള ചിത്ര ജീന്‍ലാംപ് കിറ്റും ഉപകരണവും, ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ ചിത്ര മാഗ്ന, എമര്‍ജന്‍സി റെസ്പിറേറ്റര്‍, സ്രവം ശേഖരിക്കുന്നതിനുള്ള സ്വാബും സൂക്ഷിക്കുന്നതിനുള്ള മാധ്യമവും, റാപ്പിഡ് ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റ്, കൊവിഡ് ബാധിതരെ മാറ്റുന്നതിനുള്ള ഐസൊലേഷന്‍ പോഡ്, ഡിസ്ഇന്‍ഫെക്ടന്റ് ഗേറ്റ് വേ, രോഗബാധ സംശയിക്കുന്നവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ സ്രവം ശേഖരിക്കുന്നതിനുള്ള ചേംബര്‍, പകര്‍ച്ചവ്യാധി സംശയിക്കുന്നവരെ പരിശോധിക്കുന്നതിനുള്ള ചേംബര്‍, ചിത്ര അക്രലോസോര്‍ബ് എന്നിവയാണ് അവ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K