02 May, 2020 12:07:04 AM
ലോക്ഡൗണില്‍ കൊറോണാ നുണ: മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
ദില്ലി: ജോലി ചെയ്യാതെ വീട്ടിലിരിക്കാൻ കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് കള്ളം പറഞ്ഞ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. ദില്ലി മെട്രോയൂണിറ്റിലെ പോലീസുകാരാണ് അതിബുദ്ധികാണിച്ച് കുഴപ്പത്തിലായത്. കോവിഡ് ബാധിച്ച സഹപ്രവർത്തകനുമായി സമ്പർക്കം ഉണ്ടായിരുന്നെന്നാണ് മേലധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത്.
ശാസ്ത്രിപാർക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഡ്യൂക്ക് നിയോഗിച്ച മൂവരും എസ്ഐയുമായി ഒന്നിച്ച് പ്രവർത്തിക്കേണ്ടിവന്നെന്നും അതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ പോകണമെന്നും മേലധികാരികൾക്ക് കത്ത് അയച്ചു. മെഡിക്കൽ ലീവ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
കോവിഡ് ബാധിച്ച 57 വയസുകാരനായ എസ്ഐക്ക് ഏപ്രിൽ 21 ന് ആണ് പനി ഉണ്ടായത്. ഇതേ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. 23 ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിച്ച് കോവിഡ് പരിശോധന നടത്തി. 28 ന് ആണ് പരിശോധനാ ഫലം വരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ സഫ്ദർഗഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.