19 April, 2020 07:22:29 PM
മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊന്നു

കൊൽക്കത്ത: മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിന് ഭിന്നശേഷിക്കാരനായ മകനെ പിതാവ് കൊന്നു. കൊൽക്കത്ത ശ്യംപുകൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സിർഷേന്ദ് മാലിക്ക് എന്ന 45 വയസുള്ള ഭിന്നശേഷിക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.
മകനെ കൊന്ന സംഭവത്തിൽ പിതാവ് 78കാരനായ ബാൻഷിദർ മാലിക്ക് പൊലീസിൽ കീഴടങ്ങി. ശനിയാഴ്ച വൈകുന്നേരം ബാൻഷിദർ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചത്. മകനുമായി തർക്കമുണ്ടായതിനെ തുടർന്ന് തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിതാവിന്റെ മൊഴി.
പ്രായമായ പിതാവും ഭിന്നശേഷിക്കാരനായ മകനും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും മകൻ ഇടയ്ക്കിടെ പുറത്തു പോകാറുണ്ടായിരുന്നു. എന്നാൽ, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന പിതാവിന്റെ ആവശ്യം മകൻ അംഗീകരിച്ചില്ല.
                                
                                        



