19 April, 2020 01:48:24 AM


കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം: യുവാവ്‌ അറസ്‌റ്റില്‍


uploads/news/2020/04/389401/c4.jpg


ചെങ്ങന്നൂര്‍: മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മോഷണം. യുവാവ്‌ അറസ്‌റ്റില്‍. കല്ലിശേരി ഉമയാറ്റുകര കണ്ടത്തില്‍ തറയില്‍ ജിതിനാ(23)ണ്‌ അറസ്‌റ്റിലായത്‌. തിരുവന്‍വണ്ടൂര്‍ തോട്ടുമുക്ക്‌ ആങ്ങായില്‍പ്പടിയില്‍ സുരേഷ്‌ബാബു-ജയപ്രഭ ദമ്പതികളുടെ വീട്ടില്‍ വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: രാത്രി ഏഴു മണിയോടെ സുരേഷ്‌ബാബുവും ഭാര്യയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സുരേഷ്‌ബാബുവിന്റെ അമ്മയെ കാണാന്‍ പോയിരിക്കുകയായിരുന്നു. 8.30 ഓടെയാണ്‌ ഇവര്‍ തിരികെ എത്തിയത്‌. വീടിന്റെ പിന്നില്‍ ചായിപ്പിന്റെ ഗ്രില്‍ ഡോര്‍ തുറന്നാണ്‌ ജിതിന്‍ അകത്തു കടന്നത്‌. ഈ സമയം മകള്‍ അനഘയും മകന്‍ അഖിലേഷും ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. പിന്നിലൂടെ എത്തിയ ഇയാള്‍ അടുക്കളയില്‍ നിന്നും എടുത്ത മുളകുപൊടി ഇരുവരുടെയും കണ്ണില്‍ ഒരേ സമയം പൊത്തുകയായിരുന്നു. കണ്ണില്‍ മുളകുപൊടി വീണ കുട്ടികള്‍ നിലവിളിക്കുകയും മുറിയ്‌ക്കുള്ളില്‍ വെപ്രാളം കൊണ്ട്‌ ഓടി നടന്ന്‌ ബഹളം വയ്‌ക്കുകയും ചെയ്‌തു. ഇയാള്‍ വീണ്ടും ഇവരുടെ പിന്നാലെ എത്തി തലയിലും മുഖത്തും മുളകുപൊടി വിതറി. ഇരുവരെയും ഉപദ്രവിച്ചു. ഇതിനിടയില്‍ അനഘയുടെ കഴുത്തിന്‌ കുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. 15 മിനിട്ടോളം നീണ്ട സംഘട്ടനത്തിന്‌ ശേഷം അടുക്കള വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. ഇവിടെ നിന്നും മൊബൈല്‍ ഫോണും 
കൈക്കലാക്കി. സ്വര്‍ണവും പണവും നഷ്‌ടമായോ എന്ന്‌ കൂടുതല്‍ അന്വേഷണത്തിലെ അറിയാന്‍ കഴിയൂ. അഖിലേഷിന്റെ കാലിനും കൈയ്‌ക്കും പരുക്കുണ്ട്‌. കാലിന്റെ എല്ലിന്‌ പൊട്ടലുണ്ടായതിനെ തുടര്‍ന്ന്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സഹോദരന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവന്‍ തിരികെ ലഭിച്ചതെന്ന്‌ അനഘ പറഞ്ഞു. വാര്‍ഡംഗം ഗീതാസുരേന്ദ്രനാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. പോലീസ്‌ എത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മൂത്ത മകന്‍ അനഘേഷ്‌ ഈ സമയം ബന്ധു വീട്ടിലായിരുന്നു. 
സി.ഐ: എം.സുധിലാലിന്റെ നേതൃത്വത്തിലാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. മുമ്പ്‌ ബസിന്റെ ബാറ്ററി മോഷണ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. വിരലടയാള വിദഗ്‌ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K