16 April, 2020 12:57:37 AM
പത്താംക്ലാസുകാരിയുടെ ആത്മഹത്യ : പ്രേരണാകുറ്റത്തിന് യുവാവ് അറസ്‌റ്റില്‍
മലപ്പുറം: മലപ്പുറത്തു പത്താംക്ലാസുകാരി ആത്മഹത്യചെയ്‌ത കേസില്‍ പ്രേരണാകുറ്റത്തിന് യുവാവ് അറസ്‌റ്റില്‍. 15 വയസ്സുള്ള പെണ്‍കുട്ടി പെണ്‍കുട്ടി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച കേസില്‍ പരവക്കല്‍ അമ്പലംപടി മണ്ണാര്‍ത്തൊടി വീട്ടില്‍ സുധീഷിനെയാണ് (24) കൊളത്തൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ഏഴിന് വൈകിട്ട് കുട്ടിയുടെ അമ്മയുടെ മൂത്ത സഹോദരിയുടെ വീട്ടില്‍ വച്ച് വൈകിട്ട് നാലിനും ആറിനും ഇടയിലുള്ള സമയത്താണു പെണ്‍കുട്ടി കിടപ്പുമുറിയുടെ ഇടവട്ടത്തില്‍ സാരിയില്‍ കെട്ടി തൂങ്ങി മരിച്ചത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവച്ചതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 23 മുതല്‍ ഒറ്റക്ക് താമസിക്കുന്ന വല്യമ്മയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തിയിട്ടും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്‌റ്റുമാര്‍ട്ടത്തിലും മരണത്തില്‍ എന്തെങ്കിലും അസ്വഭാവികത കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി യുടെ മേല്‍നോട്ടത്തില്‍ കൊളത്തൂര്‍ സി.ഐ യുടെ നേതൃത്വത്തില്‍ സയന്റിഫിക് ഓഫീസര്‍ ഫിംഗര്‍പ്രിന്റ്, സൈബര്‍ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തില്‍ സുധീഷിന് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൂചന കിട്ടി.
ഇയാള്‍ മൂന്നു മാസത്തിലേറെയായി കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം രാത്രികളില്‍ കുട്ടിയുടെ വല്യമ്മയുടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മരിക്കുന്നതിന്റെ തലേ ദിവസം രാത്രി വീടിന് പുറത്ത് ഇറങ്ങി വരാനുള്ള ആവശ്യം പെണ്‍കുട്ടി നിരസിച്ചിരുന്നു. പിറ്റേന്ന് ഇയാള്‍ ഫോണില്‍ വിളിച്ച് കുട്ടിയെ അധിക്ഷേപിച്ച് സംസാരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇനി താനുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞതോടെ താന്‍ ജീവിച്ചിരിക്കില്ല എന്നായി കുട്ടി. എന്നാല്‍ അങ്ങനെ ചെയ്‌തോ എന്ന് പ്രതി പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ഫോണില്‍ കൂടി ബന്ധപ്പെട്ട കുറ്റത്തിന് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്നും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ആയത് ഫോറന്‍സിക് വിഭാഗത്തിന് കൈമാറുമെന്നും അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു