14 April, 2020 07:14:25 PM
കിടങ്ങൂരിനടുത്ത് കൂടല്ലൂരില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍
പാലാ : കിടങ്ങൂരിനടുത്ത് കിഴക്കേ കൂടല്ലൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കിഴക്കേ കൂടല്ലൂര്‍ വെള്ളാപ്പള്ളില്‍ ലൂയിസിന്‍റെ മകന്‍ ലിജോ (39) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് കിഴക്കേ കൂടല്ലൂര്‍ ചിലമ്പാട്ടുകുന്നേല്‍ ആന്‍ബിന്‍ തോമസ് (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10 മണിയോടെ പഴയകൂടല്ലൂര്‍ ചന്തക്ക് സമീപമായിരുന്നു സംഭവം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് വെളിപ്പെട്ടതായാണ് അറസ്റ്റില്‍ കലാശിച്ചത്.
ലിജോയും സുഹൃത്ത് ഗിരീഷും ഈസ്റ്റര്‍ ആഘോഷത്തിന്‍റെ ഭാഗമായി ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിന് ശേഷം 10 മണിയോടെ ലിജോ തന്‍റെ ബൈക്കില്‍ ഗിരീഷിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ഗിരീഷിന്‍റെ വീടിന് മുന്നിലായിരുന്നു ആല്‍ബിന്‍റെ വീട്. ആല്‍ബിനും ലിജോയും തമ്മില്‍ മുമ്പ് വഴക്കും വൈരാഗ്യവുമുണ്ടായിരുന്നു. വീടിന് മുന്നിലെത്തിയ ലിജോ അങ്ങോട്ടുനോക്കി അസഭ്യം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് ആല്‍ബിന്‍റെ പിതാവ് വീടിന് പുറത്തേക്ക് വന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ബഹളം കേട്ട് വീടിനകത്തു നിന്നും ആല്‍ബിനും പുറത്തേക്ക് വന്നു.
പ്രശ്‌നത്തില്‍ ഇടപെട്ട ആല്‍ബിനും ലിജോയും തമ്മില്‍ അസഭ്യവര്‍ഷവും തടര്‍ന്ന് കയ്യേറ്റവും നടന്നു. ഇതിനിടെ മുറ്റത്തുകിടന്ന വിറക് കമ്പിന് ആല്‍ബിന്‍ ലിജോയുടെ തലക്കടിച്ചു. അടിയേറ്റ് നിലത്തുവീണ ലിജോ കുറച്ചുനേരം ഇവിടെ കിടന്നു. അതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ലിജോ മദ്യലഹരിയില്‍ കിടന്നുറങ്ങുകയും ചെയ്തു. ഇതിനിടെ വാക്കേറ്റമുണ്ടായെന്നും അക്രമം നടത്തിയെന്നും കാണിച്ച് ആല്‍ബിന്‍റെ പിതാവ് ലിജോക്കെതിരെ കിടങ്ങൂര്‍ പോലീസില്‍ പരാതിപ്പെട്ടു.
അന്വേഷണം ആരംഭിച്ച പോലീസ് രാത്രി തന്നെ ആല്‍ബിന്‍റെ വീട്ടിലും ലിജോയുടെ വീട്ടിലും പരിശോധനക്കെത്തി. രാവിലെ സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് പറഞ്ഞ വിവരം അറിയിക്കുന്നതിനായി ലിജോയെ ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. അനക്കമില്ലാതെ കിടന്ന ലിജോയെ ഉടനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. തലയില്‍ മര്‍മ്മത്തിനടി കിട്ടിയതു കൂടാതെ തലയ്ക്കുള്ളിലും ക്ഷതം അനുഭവപ്പെട്ടുവത്രെ.