29 March, 2020 08:17:24 PM
പ്രസാദം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു: 'വെറ്റില സ്വാമി'യെ തൊടാതെ പൊലീസ്
തൃശൂര്‍: പ്രസാദം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റാരോപിതനായ 'വെറ്റില സ്വാമി'യെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. ഇതു സംബന്ധിച്ച് വടക്കാഞ്ചേരി സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലത്രേ. 2019 ഫെബ്രുവരി 19 ന് പുലര്‍ച്ചെ തൃശൂര്‍ അശ്വിനി ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റില്‍ വച്ചാണ് 35കാരി വീട്ടമ്മ പീഡനത്തിനിരയായത്. പൂജയും മന്ത്രവാദവുമൊക്കെയായി കഴിയുന്നയാളാണ് വെറ്റിലസ്വാമി. പ്രശ്‌നപരിഹാരത്തിന് സ്വാമിയെ കാണാനെത്തിയ യുവതിയെ പ്രസാദത്തില്‍ മയക്കുമരുന്ന് നല്‍കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ബ്ലാക് മെയില്‍ തുടങ്ങിയതോടെ യുവതി പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 11നാണ് വെറ്റില സ്വാമി എന്നറിയപ്പെടുന്ന പാഞ്ഞാള്‍തോട്ടത്തില്‍ മനയില്‍ നാരായണന്‍ നമ്പൂതിരി (46), സഹായി പ്രതീഷ്(39 )എന്നിവര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 28നാണ് മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.
പ്രതികളെ സഹായിക്കും വിധം പൊലീസ് പെരുമാറുന്നതായാണ് ആക്ഷേപം. പ്രതികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്. എന്നാല്‍ ഈ സാഹചര്യം പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിലെ പ്രശ്‌നപരിഹാരങ്ങള്‍ക്ക് മുമ്പും വെറ്റിലസ്വാമി പരാതിക്കാരിയുടെ വീട്ടില്‍ വച്ച് പൂജകള്‍ നടത്തിയിരുന്നു. സഹോദരന്‍റെ പേരിലുള്ള ഫ്‌ളാറ്റിലാണ് പൂജയ്ക്കിടെ പ്രസാദം നല്‍കി തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു.