25 March, 2020 01:40:45 AM
17കാരിയെ പീഡിപ്പിച്ച ശേഷം മാല കവര്‍ന്ന യുവാവും സുഹൃത്തും പിടിയിൽ
മുണ്ടക്കയം: 17 കാരിയെ പീഡിപ്പിച്ച ശേഷം കഴുത്തില്‍ നിന്നും മാല കവര്‍ന്ന യുവാവും മാല പണയം വക്കാന്‍ സഹായിച്ച സുഹൃത്തും പിടിയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും മാല മോഷണം നടത്തുകയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പൂട്ടു തകര്‍ത്തു മോഷണം നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ടു കേസുകളിലായി പുഞ്ചവയല്‍ 504 കോളനിയില്‍ മൂന്നു മാസമായി താമസിക്കുന്ന ഉപ്പുതറ ചെമ്പേരില്‍ പ്രശാന്ത് സാന്റോ (ചക്കര-20) യെയാണ് മുണ്ടക്കയം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഷിബുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും അപഹരിച്ച മാല പണയം വയ്ക്കുവാന്‍ സഹായിച്ച കോരുത്തോട് കുഴിമാവ് ഐനിപ്പളളി സതീഷ് സജി(20)യും അറസ്റ്റിലായിട്ടുണ്ട്. സംഭവം സംബന്ധിച്ചു മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെ.
ഉപ്പുതറ സ്വദേശിയായ പ്രശാന്ത് മൂന്നുമാസക്കാലമായി മാതൃ സഹോദരിയുടെ 504ലെ വീട്ടിലാണ് താമസം. ഇതിനിടിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ പെണ്‍ കുട്ടിയെ വിളിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 13ന് പുലര്‍ച്ചെ ഒരു മണിയോടെ പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല അപഹരിച്ചിരുന്നു. പിന്നീട് തിരികെ പോകുന്നതിനിടയില്‍ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി പൂട്ടു തകര്‍ക്കാനും ഇയാള്‍ ശ്രമിച്ചു. രാവിലെ 7 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
ഫിനാന്‍സ് സ്ഥാപനത്തിലെ കവര്‍ച്ച ശ്രമം സി.സിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് പെണ്‍കുട്ടി യുവാവിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതോടെ രണ്ടുകേസിലും പ്രതി ഒരാളാണന്നു മനസ്സിലാക്കി പൊലീസ് തെരച്ചില്‍ നടത്തി പിടികൂടുകയായിരുന്നു. മോഷ്ടിച്ച മാല സുഹൃത്തായ സതീഷ് മുഖാന്തിരം കോരുത്തോട്ടലെ പണമിടപാട് സ്ഥാപനത്തില്‍ 19500 രൂപക്ക് പണയപെടുത്തി ഇരുവരും വീതിച്ചെടുക്കുകയായിരുന്നു. മാല ഇവിടിനിന്നും പൊലീസ് വീണ്ടെടുക്കും. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ മാമച്ചന്‍, മാത്യു, എസ്.സി.പി.ഒമാരായ അജിവുദ്ദീന്‍,ജോബി എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.