19 March, 2020 08:21:47 PM


മുക്കുപണ്ടത്തിന്‍റെ പ്യൂരിറ്റി '916 ഹാള്‍മാര്‍ക്ക്'; 41 ഗ്രാം പണയം വെച്ച് തട്ടിയത് 1.5 ലക്ഷം രൂപ



ചങ്ങനാശ്ശേരി: ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞ മുക്കുപണ്ടത്തിന്‍റെ പ്യൂരിറ്റി രേഖപ്പെടുത്തിയത് 916 ഹാള്‍മാര്‍ക്ക്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം സംശയത്തിന്‍റെ പേരില്‍ പിടിച്ചെടുത്ത് ഒരു പ്രമുഖ ജുവലറിയില്‍ പരിശോധിച്ചപ്പോഴും പ്യൂരിറ്റി 916 ഹാള്‍മാര്‍ക്ക് തന്നെ. അവസാനം മുറിച്ചെടുത്ത് ഉരുക്കിയപ്പോഴാണ് പ്യൂരിറ്റി മെഷിന് പോലും കണ്ടുപിടിക്കാനാവാത്ത വിധം ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞ് നടക്കുന്ന തട്ടിപ്പ് പോലീസിനും മനസിലായത്. 


ഒന്നര പവനും അതിനടുത്തും തൂക്കം കാണിച്ച നാല് വളകള്‍ പണയം വെച്ചതിലൂടെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തത് 140000 രൂപയും. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഉബൈദുള്ള (43)യെ ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘത്തിലെ ഒരു കണ്ണിയെന്ന് സംശയിക്കപ്പെടുന്ന ചെന്നൈ സ്വദേശിയായ ഇയാള്‍ തിരുനല്‍വേലിയ്ക്കടുത്ത് പുത്തൂരിലാണ് താമസമെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് അത് വിശ്വസിച്ചിട്ടില്ല.


സംഭവം ഇങ്ങനെ - ബുധനാഴ്ച ചങ്ങനാശ്ശേരിയിലെ ധനചക്ര ഫിനാന്‍സ് എന്ന സ്വകാര്യധനകാര്യസ്ഥാപനത്തില്‍ തന്‍റെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ ഹാജരാക്കി ഉബൈദുള്ള ഒന്നര പവന്‍ വീതമുള്ള 4 വളകള്‍ പണയം വെച്ചു. പ്യൂരിറ്റി നോക്കിയപ്പോള്‍ എല്ലാം നല്ല സ്വര്‍ണ്ണം. 1,40,000 വായ്പതുകയായി നല്‍കുകയും ചെയ്തു. വ്യാഴാഴ്ച  രാവിലെ 10 മണിയോടെ ഇയാള്‍ വീണ്ടുമെത്തി. പണയം വെക്കാനായി ഒരു സ്വര്‍ണ്ണമാല കൈയില്‍ കരുതിയിരുന്ന ഇയാള്‍ വ്യക്തിഗത വായ്പ ലഭിക്കുന്നതിനെകുറിച്ചും ജീവനക്കാരോട് അന്വേഷിച്ചു. ഉബൈദുള്ളയോടൊപ്പം ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു.


ഇതിനിടെ ഉബൈദുള്ള ഹാജരാക്കിയ തിരിച്ചറിയല്‍ രേഖയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നി. മുക്കുപണ്ടം പണയം വെച്ചും മറ്റും തട്ടിപ്പ് നടത്തുന്നയാളുകളുടെതായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളുമായി ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡിനും ചിത്രത്തിനും സമാനത കണ്ടതോടെ ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ബുധനാഴ്ച പണയം വെച്ച വളകള്‍ എടുത്ത് വീണ്ടും പരിശോധിച്ചപ്പോഴും മുക്കുപണ്ടമാണെന്ന് മനസിലാക്കാനായില്ല. തുടര്‍ന്ന് നഗരത്തിലെ ഒരു പ്രമുഖ ജുവലറിയില്‍  എത്തി പരിശോധിച്ചപ്പോഴും പ്യൂരിറ്റി വെളിപ്പെടുന്നത് 916 ഹാള്‍മാര്‍ക്ക്  എന്നു തന്നെ. അവസാനം ആഭരണം മുറിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. ഉരുക്കിയതോടെയാണ് ആര്‍ക്കും പെട്ടെന്ന് കണ്ടുപിടിക്കാനാവാത്ത വിധം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ചെമ്പ് ആഭരണങ്ങളാണ് ഇവയെന്ന് വെളിപ്പെടുന്നത്.


ഉബൈദുള്ളയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെ കൂടെയുണ്ടായിരുന്ന സ്ത്രീയും പുരുഷനും മുങ്ങി. ഇയാളുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയുമായാണ് ഇവര്‍ സ്ഥലം വിട്ടത്. ഇതിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പ് നടന്നതായുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒരു വലിയ സംഘം തന്നെ ഈ തട്ടിപ്പുമായി രംഗത്തുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഉബൈദുള്ളയെ നാളെ കോടതിയില്‍ ഹാജരാക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K