18 February, 2020 10:54:50 PM


ഒരു വയസുകാരനെ കൊന്ന അമ്മ അറസ്റ്റില്‍; ക്രൂരകൃത്യം കാമുകനൊപ്പം ജീവിക്കാന്‍




കണ്ണൂര്‍: ഒരു വയസുകാരന്‍ വിയാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ തന്നെ കുഞ്ഞിനെ കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തി. ആദ്യ ശ്രമത്തില്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കുഞ്ഞിനെ എടുത്ത് പാറയിടുക്കിലേക്ക് എറിഞ്ഞതായി പോലീസ് കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.


തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ശേഷമാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ പോലീസ് കൊലപാതക സാധ്യത ഉറപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും കൊലപാതകം സ്ഥിരീകരിച്ചു. തുടര്‍ന്ന് ശരണ്യയെയും ഭര്‍ത്താവ് പ്രണവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.


ചോദ്യം ചെയ്യലില്‍ ശരണ്യയും ഭര്‍ത്താവ് പ്രണവും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നത്. ഭര്‍ത്താവ് കൊന്നതാണെന്നും ശരണ്യയും ശരണ്യയാണ് കൊന്നതെന്ന് പ്രണവും പരസ്പരം കുറ്റം ആരോപിച്ചു. പ്രണവും ശരണ്യയും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലായിരുന്നു. ഇതേതുടര്‍ന്ന് പ്രണവില്‍ നിന്ന് വിവാഹമോചനം നേടാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.


പ്രണവുമായുള്ള വിവാഹബന്ധം തകര്‍ച്ചയിലായതിനെ തുടര്‍ന്ന് പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് എതിര്‍ത്തിരുന്നു. ഞായറാഴ്ച പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് ശരണ്യ തന്നെ പ്രണവിനെ വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം സംശയമുന പ്രണവിലേക്ക് തിരിച്ചുവിടുന്നതിന് വേണ്ടിയാണ് ശരണ്യം ഇത്തരത്തില്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രണവിനും ശരണ്യയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാത്രി രണ്ടരയോടെ ഉറക്കമുണര്‍ന്നു. ഈ സമയം പ്രണവ് ശരണ്യയെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ നോക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രണവ് ഉറങ്ങിയ സമയം നോക്കി വീടിന് സമീപമുള്ള കടല്‍ തീരത്ത് കൊണ്ടുപോയി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.


രാവിലെ പ്രണവിനെ വിളിച്ചുണര്‍ത്തി കുഞ്ഞിനെ കാണാനില്ലെന്ന് ശരണ്യയാണ് അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുമ്പോള്‍ ശരണ്യ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. മരണ വാര്‍ത്ത അറിഞ്ഞിട്ടും ഭാവവ്യത്യാസം ഇല്ലാതിരുന്നത് പോലീസില്‍ സംശയം സൃഷ്ടിച്ചു. ശരണ്യയുടെയും പ്രണവിന്റെയും വസ്ത്രങ്ങളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയും ശരണ്യയിലേക്ക് സംശയമുന നീളാന്‍ കാരണമായി. ശരണ്യയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സമാന്തര അന്വേഷണവും കൊലപാതകം തെളിയിക്കാന്‍ പോലീസിനെ സഹായിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K