14 February, 2020 07:57:14 PM
ട്രെയിനിൽ പിടിച്ചുപറിയുമാറി ട്രാന്‍ജണ്ടറുകൾ: അതിവേഗ ശിക്ഷ വിധിച്ച് റെയിൽവേ കോടതി
കൊച്ചി: ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത ഏഴു ട്രാന്‍സ്‌ജെണ്ടറുകള്‍ക്ക് അതിവേഗ ശിക്ഷ വിധിച്ച് എണാകുളം റെയില്‍വേ കോടതി. ഇന്നലെ വൈകിട്ട് എറണാകുളം-തൃശൂര്‍ റൂട്ടിലെ ട്രെയിനില്‍ നിന്ന് പിടിയിലായ ഇതര സംസ്ഥാനക്കാരായ ട്രാന്‍ജെണ്ടറുകള്‍ക്കാണ് ഇന്ന് തന്നെ വിസ്താരം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. അഞ്ചു ദിവസത്തെ തടവും 10100 രൂപ പിഴയുമാണ് റെയില്‍വേ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്തതിനാല്‍ മൂന്നരമാസവും കൂടി ഏഴുപേരും ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഏഴുപേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. യാത്രക്കാരില്‍ നിന്നും റെയില്‍വേ ജീവനക്കാരില്‍ നിന്നുമുണ്ടായ പരാതിയേത്തുടര്‍ന്ന് റെയില്‍വേ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ട്രാന്‍സ്ജണ്ടറുകളെ കസ്റ്റഡിയിലെടുത്തത്. മതിയായ യാത്രാ രേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇവരുടെ പക്കല്‍ പിടിയിലാവുന്ന സമയത്ത് ഇല്ലായിരുന്നു.
ജാമ്യത്തില്‍ വിട്ടാല്‍ തുടര്‍നടപടികള്‍ ബുദ്ധിമുട്ടാവുമെന്നറിയിച്ചതോടെ ഇന്നു തന്നെ കേസ് പരിഗണിച്ച് ശിക്ഷ വിധിയ്ക്കുകയായിരുന്നു. യാത്രയ്ക്കിടെ ട്രാന്‍സ്ജെണ്ടറുകളില്‍ നിന്നടക്കം ബുദ്ധിമുട്ട് നേരിട്ടാല്‍ ആര്‍.പി.എഫ് ഹെല്‍പ് ലൈന്‍ നമ്പരായ 182 ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടെ ട്രെയിനുകളില്‍ കവര്‍ച്ച വ്യാപകമായതോടെയാണ് ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയത്.