09 February, 2020 09:32:15 PM


ഡാർക്ക് നെറ്റ് വഴി ലൈംഗിക ഉത്തേജന മരുന്ന് വിൽപന: യുവാവ് അറസ്റ്റിൽ; രാജ്യത്ത് ഇതാദ്യം



ദില്ലി: വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ മകന്‍ ഡാർക്ക് നെറ്റ് മോഡ് വഴി ലൈംഗിക ഉത്തേജന മരുന്ന് വിൽപന നടത്തിയതിന് അറസ്റ്റില്‍.  ദിപു സിങ് (21) ആണ് ലക്നൌവിൽനിന്ന്  അറസ്റ്റിലായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ദില്ലി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്ന് 55000 ഗുളികകൾ പിടിച്ചെടുത്തു. രാജ്യത്ത് ഇതാദ്യമായാണ് ഇന്‍റർനെറ്റിൽ അധികമാർക്കും കടന്നുവരാനാകാത്ത ഡാർക്ക് നെറ്റ് വഴി ലൈംഗിക ഉത്തേജന മരുന്നുകൾ വിറ്റയാളെ അറസ്റ്റ് ചെയ്യുന്നത്.


ഇന്‍റർനെറ്റിലെ തന്നെ ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോമാണ് ഡാർക്ക് നെറ്റ് എന്നറിയപ്പെടുന്നത്. ഐ.ടി വിദഗ്ദ്ധർക്ക് പോലും അത്രയെളുപ്പം കണ്ടെത്താനാകാത്ത ഡാർക്ക് നെറ്റ് ദി ഒനിയൻ റൂട്ടർ (ToR) വഴി പ്രവർത്തിക്കുന്ന നെറ്റ്വർക്ക് സംവിധാനമാണിത്. അശ്ലീല വീഡിയോകളും ചിത്രങ്ങളും കൈമാറാനും, മയക്കുമരുന്ന് വിൽക്കാനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമൊക്കെയായാണ് ഡാർക്ക് നെറ്റ് ഉപയോഗിക്കുന്നത്. എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ കാരണം പൊലീസ്-അന്വേഷണ ഏജൻസികൾക്ക് അത്രയെളുപ്പം കണ്ടെത്താനാകില്ലെന്നതാണ് ഡാർക്ക് നെറ്റിന്‍റെ പ്രത്യേകത.


ഇന്ത്യയിൽ ഡാർക്ക് നെറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരിൽ പ്രധാനിയാണ് ദിപു സിങ്. എമ്പയർ മാർക്കറ്റ്, മജസ്റ്റിക് ഗാർഡൻ തുടങ്ങിയ ഏറ്റവും വലിയതും വിശ്വസനീയവുമായ ഡാർക്ക്നെറ്റ് മാർക്കറ്റുകളിലൊന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) രാജേഷ് നന്ദൻ ശ്രീവാസ്തവ പറഞ്ഞു. ഡാർക്ക് നെറ്റ് സൗകര്യം ഉപയോഗിച്ച് വിദേശ സ്ഥലങ്ങളിലേക്ക് ലൈംഗിക ഉത്തേജന മരുന്നുകൾ, ഫിറ്റ്നസ് സപ്ലിമെന്റുകൾ എന്നിവ അനധികൃതമായി കടത്തുന്ന പ്രവർത്തനമാണ് ദിപു സിങ് നടത്തിയിരുന്നത്. പിന്നീട് ഇതിലൂടെ സൈക്കോട്രോപിക് ഇനത്തിൽപ്പെട്ട മയക്കുമരുന്ന് കടത്താൻ തുടങ്ങി. ഇതോടെ ബിസിനസ് കോടികളുടേതായി മാറി.


ലഖ്‌നൗവിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം നേടിയ സിംഗ്, മരുന്ന് കയറ്റുമതി ചെയ്യുമ്പോൾ ഐഡന്റിറ്റി മറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടിയിട്ടുണ്ടെന്ന് എൻസിബി പ്രസ്താവനയിൽ പറഞ്ഞു. ലഖ്‌നൗവിലെ ആലം ബാഗ് പ്രദേശത്തെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് വൻതോതിൽ ലഹരി ഗുളികകൾ കണ്ടെടുത്തത്. ഇതേത്തുടർന്ന് നാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് (എൻഡിപിഎസ്) നിയമപ്രകാരം ഇയാളെ കേന്ദ്ര മയക്കുമരുന്ന് വിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്യുകയായിരുന്നു.


വിവിധ സൈക്കോട്രോപിക് മരുന്നുകളുടെ 55000 ഗുളികകൾ ദിപു സിങിന്‍റെ വസതിയിൽ നിന്ന് പിടിച്ചെടുത്തു. യുഎസ്എ, യുകെ, റൊമാനിയ, സ്പെയിൻ തുടങ്ങി ഡാർക്ക് വെബ് ഉപയോഗിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക് രഹസ്യമായി കൊറിയർ ചെയ്ത നൂറുകണക്കിന് മയക്കുമരുന്ന് പാർസലുകളുടെ രേഖകളും ഇവിടെനിന്ന് എൻസിബി കണ്ടെത്തി. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ രണ്ട് മാസത്തെ ഓപ്പറേഷന്‍റെ ഭാഗമായി ട്രമഡോൾ, സോൾപിഡെം, അൽപ്രാസോലം എന്നിവ ഉൾപ്പെടുന്ന സൈക്കോട്രോപിക് ഗുളികകളാണ് പിടിച്ചെടുത്തതെന്ന് എൻസിബി ദില്ലി സോണൽ ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞു.


അന്താരാഷ്ട്ര ബന്ധങ്ങളുള്ളതും സിംഗപ്പൂരിലും യുഎസിലുമായി വ്യാപിച്ചുകിടക്കുന്ന ശൃംഖലയെയാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് രാജേഷ് നന്ദൻ ശ്രീവാസ്തവ പറഞ്ഞു. വിവിധ കൊറിയർ ഏജൻസികളെ ഉപയോഗിച്ചാണ് മരുന്നുകൾ കടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി ഏജൻസികളിൽ നിന്ന് ഇടപാടുകൾ മറച്ചുവെക്കാൻ ക്രിപ്‌റ്റോകറൻസിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഓപ്പറേറ്റർമാർ ഉപയോഗിച്ചു, "എൻസിബി ഡിഡിജി പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K