08 February, 2020 09:38:44 PM
ഗോസിപ്പുകൾക്ക് വിരാമം; ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു
മുംബൈ: ഗോസിപ്പുകൾക്ക് വിരാമമിട്ട് ബോളിവുഡ് താരം വരുൺ ധവാനും ഫാഷൻ ഡിസൈനറുമായ നടാഷ ദലാളും വിവാഹിതരാകുന്നു. ഇതോടെ ദീപിക-രൺവീർ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു താരവിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്.
മെയ് മാസത്തിൽ വിവാഹം നടക്കുമെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ചാണ് തങ്ങളിരുവരും പ്രണയത്തിലായതെന്ന് വരുൺ തുറന്നു സമ്മതിച്ചിരുന്നു. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ.
മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്. എന്നാല്‍ പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചത്. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. സൂയി ധാഗയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.