05 February, 2020 05:21:35 PM
തമിഴ് സൂപ്പർ താരം വിജയ് ആദായനികുതി വകുപ്പിന്‍റെ കസ്റ്റഡിയില്‍
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. ബിഗിൽ സിനിമയുടെ നിർമാണ കമ്പനി ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്. കൂടല്ലൂർ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍റെ സ്ഥലത്ത് മാസ്റ്റർ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകുകയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉദ്യോഗസ്ഥർ വിജയിയെ ചോദ്യം ചെയ്തു.
മാസ്റ്ററിന്‍റെ ഷൂട്ടിങ് ഇതോടെ നിർത്തിവച്ചു. വിജയിയെ ചെന്നൈയിൽ എത്തിക്കുമെന്നാണ് സൂചന. വിജയിയെ കസ്റ്റഡിയിൽ എടുത്തതായാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ മുതൽ നിർമാണ കമ്പനിയായ എജിഎസ് സിനിമാസിന്‍റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്‍റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന്‍റെ നിർമാതാക്കളാണ് എജിഎസ് സിനിമാസ്.