28 January, 2020 02:15:51 PM
മണ്ണ് മോഷണം തടഞ്ഞ സ്ഥലം ഉടമയെ ഇടിച്ചിട്ടത് ടിപ്പര്‍; പിന്നാലെ യന്ത്രക്കൈ കൊണ്ട് തലയ്ക്കടിച്ചു
തിരുവനന്തപുരം : സ്വന്തം ഭൂമിയിലെ മണ്ണ് മോഷണത്തിനെത്തിയത് തടഞ്ഞ സംഗീതിനെ ആദ്യം ഇടിച്ച് വീഴ്ത്തിയത് മണ്ണ് മാന്തിക്കൊപ്പമുണ്ടായിരുന്ന ടിപ്പർ. പിന്നാലെ മണ്ണ് മാന്തിയുടെ പിന്നിലെ യന്ത്രക്കൈ കൊണ്ട് ഇടിച്ചിടുകയായിരുന്നുവെന്ന് റൂറൽ പൊലീസ് മേധാവി ബി.അശോകൻ പറഞ്ഞു. സംഗീതിന്‍റെ അനുമതിയില്ലാതെ മണ്ണെടുക്കാനെത്തിയ സംഘത്തെ തടഞ്ഞതും, പൊലീസിനെ വിളിച്ചതിലുള്ള വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിൽ.
ഒരു മണിക്കൂർ മുമ്പേ വിളിച്ചിട്ടും എത്താത്തതിനാൽ വീണ്ടും പൊലീസിനെ വിളിക്കാൻ സംഗീത് വീട്ടിലേക്ക് കയറിയപ്പോൾ വീടിനു പിന്നിൽ നിന്ന ടിപ്പർ സ്റ്റാർട്ടാക്കി റോഡിലേക്ക് പാഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങി ടിപ്പർ ഡ്രൈവറെ ലക്ഷ്യമിട്ട് സംഗീത് എത്തുന്നതിനിടെ ടിപ്പറിന്‍റെ പിൻവശംകൊണ്ട് സംഗീതിനെ ആദ്യം തട്ടിവീഴ്ത്തി. മതിലിനോട് ചേർന്ന് വീണ സംഗീത് എഴുന്നേൽക്കുന്നതിനിടെ മണ്ണുമാന്തി പാഞ്ഞത്തി. പിൻവശത്തെ യന്ത്രക്കൈ കൊണ്ട് സംഗീതിനെ ഇടിച്ചിട്ടു. മതിലിന്‍റെ ഒരു ഭാഗവും യന്ത്രക്കൈ കൊണ്ട് തകർത്തു.
ടിപ്പറിന്‍റെ ഇടിയിൽ തലയ്ക്ക് പരുക്കേറ്റു. യന്ത്രക്കൈ കൊണ്ടുള്ള ഇടിയിൽ നെഞ്ചും വാരിയെല്ലും തകർന്നു . കൊലയാളി സംഘത്തിനെതിരെ മനഃപൂർവ്വമായ നരഹത്യക്ക് പുറമേ മോഷണ കുറ്റവും ചുമത്തി. ഇവർക്ക് താവളമൊരുക്കാൻ സഹായിച്ചവരാണ് ലാൽകുമാറും ഉണ്ണിയും. മണ്ണ് മാന്തി പാറക്വാറിയിൽ നിന്നും ടിപ്പർ തമിഴ്നാട് മേപ്പായിലെ സിമന്‍റ് കട്ട നിർമ്മാണ യൂണിറ്റിൽ നിന്നും കണ്ടെത്തി.