21 January, 2020 03:21:48 PM
നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ മരിച്ചനിലയിൽ
നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളില്‍ എത്തിയത് കോളേജ് സൗഹൃദത്തിന്റെ ഓർമ പുതുക്കാന്‍
കാഠ്മണ്ഠു: നേപ്പാളിലെ ദമനിൽ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദമനിലെ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലൈനിൽ രോഹിണി ഭവനിലെ പ്രവീണിന്റെയും കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറിന്റെയും കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇവരില്‍ രഞ്ജിത്തിന്റെ മകൻ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നാലു സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രവീൺ കുമാർ നായർ (39), ശരണ്യ (34), ടി.ബി.രഞ്ജിത്ത് കുമാർ (39), ഇന്ദു രഞ്ജിത്ത് (35), ശ്രീഭദ്ര (ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ (ഏഴ്), ബൈഷ്ണബ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. ദമനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. തണുപ്പകറ്റാൻ ഇവർ റൂമിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ ശ്വാസം മുട്ടലിനേത്തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. മക്വൻപുർ എസ്പി സുശീൽ സിംഗ് റാത്തോർ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
വാതിലുകളും ജനാലകളും അടച്ചാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. തുടര്‍ന്ന് ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്. നാല് പേരെ 10.50 നും മറ്റുള്ളവരെ 11.30 നുമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപതിയിലെത്തിക്കും മുൻപ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.
അപകടത്തിന്റെ കാരണത്തെ കുറിച്ച് ബോധ്യപ്പെടാൻ എംബസി ഡോക്ടർ എത്തിയിട്ടുണ്ട്. എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇവർ തിങ്കളാഴ്ചയാണ് സ്ഥലത്തെത്തിയത്. ഇവിടെ നാല് മുറികളിലായാണ് ഇവർ താമസിച്ചിരുന്നത്. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം.
പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓർമ പുതുക്കാനാണ് നാല് സുഹൃത്തുക്കളും കുടുംബവും നേപ്പാളിലേക്ക് പോയത്. സുഹൃത്തുക്കളെല്ലാം പാപ്പനംകോട് എൻജിനീയറിങ് കോളജിലെ 2000–2004 ബാച്ചിൽപ്പെട്ടവർ. സൗഹൃദത്തിന്റെ 20 വർഷങ്ങൾ ആഘോഷിക്കാൻ അടുത്ത വർഷം റീ യൂണിയനും പദ്ധതിയിട്ടിരുന്നു. അപകടത്തിൽ മരിച്ച പ്രവീണാണ് റീയൂണിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.