20 January, 2020 08:14:17 PM
വിസാ തട്ടിപ്പ്; കൊച്ചിയിൽ 200ൽ അധികം നഴ്സുമാരിൽ നിന്ന് തട്ടിയെടുത്തത് കോടികൾ
കൊച്ചി: വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കോടികള്‍ തട്ടിയെന്ന് പരാതി. കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്റര്‍നാഷണലിനെതിരെയാണ് ആരോപണം. തട്ടിപ്പിനിരയായ നഴ്‌സുമാര്‍ ഓഫീസ് ഉപരോധിച്ചു. കുവൈത്തിലെ ഓയില്‍ കമ്പനിയിലും ആരോഗ്യ വകുപ്പിലുമടക്കം ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.
രണ്ടു മുതല്‍ പത്ത് ലക്ഷം വരെ നല്‍കി വഞ്ചിതരായവര്‍ ഇക്കൂട്ടത്തിലുണ്ട്. 200 ലധികം ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി തട്ടിപ്പിനിരയായിരിയ്ക്കുന്നത്. തട്ടിപ്പിനിരയായവരില്‍ പലരും സ്ഥാപനത്തിന്റെ ഉടമയായ ജോര്‍ജെന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചിലരോട് നേരിട്ടാണ് പണം കൈപ്പറ്റിയത്. ഇവര്‍ക്കാവട്ടെ രസീതുകളും നല്‍കിയിട്ടില്ല. പണം നല്‍കി രണ്ടുവര്‍ഷത്തിലധികമായിട്ടും ജോലി ലഭിയ്ക്കാതെ വന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം മടക്കി ആവശ്യപ്പെട്ടു. ചിലര്‍ക്ക് ചെക്ക് നല്‍കിയെങ്കിലുംഅക്കൌണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി.
പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ലിസ്സി ജോര്‍ജ് എന്ന സ്ത്രീയുടെ പേരിലാണ് സ്ഥാപനം. ജോര്‍ജ് ജോസ്, ആദര്‍ശ് ഉദയന്‍ എന്നിവരാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് ലിസി ഇവര്‍ക്ക് പാട്ടത്തിന് നല്‍കിയ കാലത്താണ് ഇടപാടുകള്‍ നടന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ലിസിയുടെ ആവശ്യത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്ഥാപനത്തിന് പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.