16 January, 2020 04:07:30 PM


മനുഷ്യശരീരഭാഗങ്ങള്‍ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍



കോഴിക്കോട് : രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍ : ചുരുളഴിഞ്ഞത് രണ്ട് കൊലകള്‍ . സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം സ്വദേശി ബുര്‍ജുവാണു പിടിയിലായത്. രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണു ക്രൈംബ്രാഞ്ച് ബുര്‍ജുവിനെ കുടുക്കിയത്. മലപ്പുറം സ്വദേശി ഇസ്മയിലിന്‍റേതാണു ശരീരഭാഗങ്ങളെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാലു കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട ഇസ്മയില്‍. ഫിംഗര്‍പ്രിന്റുകള്‍ വഴി കൊല്ലപ്പെട്ടത് ഇസ്മയില്‍ ആണെന്ന് വ്യക്തമായി.


പൊലീസ് രേഖകളില്‍ നിന്ന് ലഭിച്ച മേല്‍വിലാസത്തില്‍ ഇസ്മയിലിന്റെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഉമ്മയുമുണ്ടെന്നു മനസ്സിലാക്കി. തുടര്‍ന്ന് ഉമ്മയുടെ രക്തപരിശോധനയില്‍ നിന്നും ഡിഎന്‍എ പരിശോധനയില്‍ നിന്നും ഇസ്മയിലാണു മരിച്ചതെന്നു സ്ഥിരീകരിച്ചു. ഇസ്മയിലിന്റെ സുഹൃത്തുക്കളിലേക്കു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു കൊലപാതകം നടത്തിയിരുന്നെന്നും അതില്‍നിന്നു പണം ലഭിക്കാനുണ്ടെന്നും മനസ്സിലാക്കിയത്. ഇത് ബുര്‍ജുവിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്വത്തുക്കള്‍ക്കു വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ബുര്‍ജു ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇരുവരും ചേര്‍ന്ന് ബുര്‍ജുവിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് ബുര്‍ജു പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ കൊലപാതകത്തിനു ശേഷം ഇസ്മയില്‍ നിരന്തരമായി പണത്തിനായി ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് അയാളെയും കൊല്ലുന്നതിലേക്ക് എത്തിച്ചതെന്നും ബുര്‍ജു വെളിപ്പെടുത്തി. ഇസ്മയിലിനെ മദ്യം നല്‍കി മയക്കിയാണു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ മുറിച്ചു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു.

ജന്മിയുടെ മകനായ ബുര്‍ജുവിന് വേട്ടയാടുന്ന ശീലമുണ്ടായിരുന്നു. വേട്ടമൃഗങ്ങളെ കൊലപ്പെടുത്തിയതിനു ശേഷം കഷ്ണങ്ങാളാക്കി മുറിക്കുന്നത് ശീലമുള്ള ബുര്‍ജു അത് തന്നെയാണ് ഇവിടെയും പ്രയോജനപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം തമിഴ്‌നാട്ടിലേക്കു കടന്ന ബുര്‍ജുവിനെ പിന്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അവിടെയെത്തിയെങ്കിലും പിടിക്കാനായില്ല. കഴിഞ്ഞദിവസം മുക്കത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ബുര്‍ജുവിന്റെ അമ്മയുടെ മരണത്തില്‍ നാട്ടുകാര്‍ക്കു തോന്നിയ സംശയമാണ് അന്വേഷണം ഇയാളിലേക്കു വഴിതിരിച്ചുവിട്ടത്.

2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിച്ചത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ചാലിയം കടല്‍തീരത്തു നിന്ന് ഇടതുകയ്യുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകയ്യും ലഭിച്ചു.

അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബര്‍ നാലിന് പൊലീസില്‍നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയാറാക്കി. അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണു വഴിത്തിരിവുണ്ടാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K