14 January, 2020 07:37:47 PM
പാക്ക് അധീന കാഷ്മീരിൽ മഞ്ഞിടിച്ചിലിൽ 57 മരണം: നിരവധി പേരെ കാണാതായി
ഇസ്ലാമാബാദ്: പാക്ക് അധീന കാഷ്മീരിൽ മഞ്ഞിടിച്ചിലിൽ 57 പേർ മരിച്ചു. നീലും താഴ്വരയിൽ നിരവധി ഗ്രാമീണർ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പാക്ക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പാക്ക് അധീന കാഷ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തെക്കു-പടിഞ്ഞാറൻ ബലുചിസ്ഥാനിൽ മഞ്ഞിടിച്ചിലിൽ 17 പേർ മരിച്ചു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതോടെ ഏഴ് ജില്ലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയിൽ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാൻ അധീനപ്രവശ്യകളിലുണ്ടായ മഞ്ഞിടിച്ചിലിൽ 39 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
അതേസമയം ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ സെക്ടറിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് സൈനികർ ഉൾപ്പടെ 10 പേർ മരിച്ചുവെന്ന് കരസേന അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇവിടെ മഞ്ഞുമലയിടിഞ്ഞത്. രണ്ടു ദിവസമായി വടക്കൻ കാഷ്മീരിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.