12 January, 2020 12:35:20 PM
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് തോക്കുചൂണ്ടിയും കഠാര വീശിയും ആക്രമണം
തൃശ്ശൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട് തോക്കു ചൂണ്ടിയും കഠാര വീശിയും ഗുണ്ടാനേതാവിന്റെ ആക്രമണം. ഇയാളെയും ഇയാൾക്ക് കഞ്ചാവ് നൽകുന്ന മറ്റൊരു യുവാവിനെയും എക്സൈസ് പിടികൂടി. ഗുണ്ടാനേതാവ് നടത്തറ, കാച്ചേരി വാഴപ്പിള്ളി വീട്ടിൽ നോബി (20), അഞ്ചേരി സ്വദേശി പെരിഞ്ചേരി വീട്ടിൽ അരുൺ (23) എന്നിവരാണ് പിടിയിലായത്.
നടത്തറ-കുട്ടനെല്ലൂർ ഭാഗത്ത് കഞ്ചാവുസംഘത്തിന്റെ ശല്യമാണെന്നും ഭീഷണിയുണ്ടെന്നുമുള്ള വിവരത്തെത്തുടർന്ന് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരിനന്ദനും സംഘവും അന്വേഷിക്കാനെത്തിയതായിരുന്നു. സംഘത്തിനു നേരെ റോട്ട് വീലർ ഇനത്തിലുള്ള നായയെ അഴിച്ചുവിട്ട് തോക്കുചൂണ്ടി നോബി ആക്രമിക്കാൻ ശ്രമിച്ചു. നോബിയെ സംഘം കീഴ്‌പ്പെടുത്തി. ഇയാളിൽനിന്ന് അഞ്ച് പൊതി കഞ്ചാവ് കണ്ടെടുത്തു. നോബി നിരവധി ഗുണ്ടാകേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കഞ്ചാവ് കിട്ടുന്നത് സംബന്ധിച്ച ചോദ്യംചെയ്യലിലാണ് ഇത് എത്തിച്ചുകൊടുക്കുന്ന അരുണിനെക്കുറിച്ച് വിവരം ലഭിച്ചത്.
അഞ്ചേരിയിലെത്തിയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 1.3 കിലോഗ്രാം കഞ്ചാവും കഠാരയും പിടിച്ചെടുത്തു. പ്രിവൻറീവ് ഓഫീസർമാരായ പി.ജി. ശിവശങ്കരൻ, കെ.എം. സജീവ്, കെ.എസ്. സതീഷ്‌കുമാർ, ഗ്രേഡ് പ്രിവൻറീവ് ഓഫീസർമാരായ എ.സി. ജോസഫ്, ജെയിസൺ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ. സുനിൽ, കൃഷ്ണപ്രസാദ്, എം.ജി. ഷാജു, പി.ആർ. സന്തോഷ്, വനിതാ ഓഫീസർ നിവ്യ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.