10 January, 2020 08:02:26 PM
തകർന്നുവീണ യുക്രെയിൻ വിമാനത്തിന്റെ ബ്ലാക്ബോക്സ് യുഎസിനു കൈമാറില്ലെന്ന് ഇറാൻ
ടെഹ്റാൻ: ടെഹ്റാനു സമീപം തകർന്നുവീണ യുക്രെയിൻ വിമാനത്തിന്റെ ബ്ലാക്ബോക്സ് യുഎസിനോ വിമാനത്തിന്റെ നിർമാതാക്കളായ ബോയിംഗ് കമ്പനിക്കോ കൈമാറില്ലെന്ന് ഇറാൻ. ടെഹ്റാനിലെ സിവിൽ ഏവിയേഷൻ അതോരിറ്റി തലവനാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനായി ഇറാൻ ഏതു രാജ്യത്തേക്കു ബ്ലാക്ബോക്സ് അയയ്ക്കുമെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അപകട കാരണത്തെക്കുറിച്ച് വ്യത്യസ്തനിഗമനങ്ങളാണ് ഉയരുന്നത്. ജനറൽ സുലൈമാനിയുടെ വധത്തിനു പകരംചോദിച്ച് ഇറാക്കിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അപകടം. ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിൽനിന്ന് യുക്രെയിൻ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് പറന്നുയർന്ന ഉടൻ തകർന്നുവീണത്. 167 യാത്രക്കാരും ഒന്പതു ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. ഇതിൽ ഭൂരിഭാഗവും ഇറാൻ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
എന്ജിന് തകരാർ മൂലമാണ് അപകടമെന്നാണ് യുക്രെയിൻ ആദ്യം പറഞ്ഞത്. എന്നാൽ ഈ പരാമർശങ്ങളെല്ലാം യുക്രെയിൻ എംബസി പിൻവലിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തകരാറിനുള്ള കാരണം കണ്ടെത്തണമെന്ന് യുക്രെയിൻ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചാരുക് ആവശ്യപ്പടുകയും ചെയ്തു. നാളെ മുതൽ ഇറാനിയൻ വ്യോമാതിർത്തി വഴി വിമാനസർവീസുകൾ നിരോധിച്ചതായും അദ്ദേഹം അറിയിച്ചു. അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് ഇറാന്റെ വിശദീകരണം.
വിമാനത്താവളത്തിൽ നിന്ന് പറന്ന് ആദ്യം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയശേഷം സാങ്കേതിക തകരാർ മൂലം വലത്തേക്ക് തിരിഞ്ഞു. തുടർന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുന്പോഴാണ് അപകടമെന്ന് ഇറേനിയൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വ്യക്തമാക്കി. 8,000 അടി ഉയരത്തിലെത്തിയതോടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അസാധാരണ സാഹചര്യത്തെക്കുറിച്ച് പൈലറ്റ് റേഡിയോ സന്ദേശങ്ങൾ അയച്ചിട്ടില്ല. വിമാനത്തിൽ തീ ദൃശ്യമായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട ബോയിംഗ് 737 വിമാനത്തിനു മുകളിലൂടെ പറന്ന മറ്റൊരു വിമാനത്തിലെ ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നുവെന്നും ഇറാൻ പറയുന്നു.