10 January, 2020 07:10:50 PM
രണ്ടാമൂഴം: 20 കോടി നഷ്ടപരിഹാരം നൽകണം; എംടിയ്ക്ക് ശ്രീകുമാറിന്റെ നോട്ടീസ്
പാലക്കാട്: എം.ടി. വാസുദേവൻ നായർക്കെതിരേ സംവിധായകൻ വി.എ. ശ്രീകുമാർ കോടതിയിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാർ എംടിക്കു നോട്ടീസ് അയച്ചു. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ടു കോടികളുടെ നഷ്ടം സംഭവിച്ചെന്നും ഈ നഷ്ടം തിരക്കഥാകൃത്തായ എംടി നികത്തണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ചെലവാക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണു നോട്ടീസിൽ ആവശ്യപ്പെടുന്നത്.
രണ്ടു കോടി രൂപയാണു തിരക്കഥയ്ക്കു പ്രതിഫലമായി നിശ്ചയിച്ചത്. 1.25 കോടി രൂപ എംടിക്കു നേരിട്ടും 75 ലക്ഷം രൂപ കരാറിൽ എംടി നിർദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിൻ തോമസിനും ഇതുവരെയായി നൽകിയിട്ടുണ്ട്. കൂടാതെ രണ്ടാമൂഴം പ്രോജക്ടിനായി നാലു വർഷത്തെ ഗവേഷണത്തിനും പ്രോജക്ട് റിപ്പോർട്ടുകൾക്കും മറ്റുമായി 12.5 കോടി രൂപയും താൻ ചെലവാക്കിയിട്ടുണ്ടെന്നും സംവിധായകൻ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ആദ്യം കരാർ ലംഘിച്ചത് എംടിയാണെന്നു സംവിധായകൻ ആരോപിക്കുന്നു. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുതെന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തിൽ എംടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ടു പോകാതിരിക്കാനുള്ള കാരണമെന്നും ശ്രീകുമാർ കുറ്റപ്പെടുത്തി.