10 January, 2020 10:08:16 AM
യുക്രൈയ്ന്‍ വിമാനം തകര്‍ന്നത് ഇറാന്‍ മിസൈല്‍ പതിച്ചെന്ന ആരോപണവുമായി യുഎസിനു പുറമെ കാനഡയും യുകെയും
ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രൈയ്ന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്‍ മിസൈല്‍ പതിച്ചാണെന്ന ാരോപണവുമായി യുഎസിനു പുറമെ കാനഡയും യുകെയും രംഗത്ത്. വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് ആരോപണം ഉയര്‍ത്തിയതിനു പിന്നാലെയാണ് അപകടത്തില്‍ അസ്വഭാവികത ചൂണ്ടിക്കാട്ടി ഇരുരാജയങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന സാധുകകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇത് മനപൂര്‍വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതയ്ക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. വിമാനത്തില്‍ 63 കനേഡിയന്‍ സ്വദേശികളാണുണ്ടായിരുന്നത്. അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്നും അതേസമയം തന്നെ മന:പൂര്‍വ്വമായിരിക്കാന്‍ സാധ്യതയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
എന്നാല്‍ വിവിധ രാജ്യങ്ങളുടെ ആരോപണം തള്ളിക്കൊണ്ട് അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിക്കാന്‍ നിലവില്‍ ഇറാനിലുള്ള യുക്രൈയ്ന്‍ പ്രതിനിധിക്ക് അവസരം നല്‍കുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. അന്വേകഷണത്തിനായി മറ്റു രാജ്യക്കാരുടെ പ്രതിനികളേയും സ്വാഗതം ചെയ്യുന്നുവെന്നും ഇറാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 വിമാനം തകര്‍ന്നു വീണത്. വിമാനം തകര്‍ന്നു വീണത് വിമാനത്താവളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയെന്ന് ഇറാന്റെ പുതിയ അവകാശവാദം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണതെന്നും ഇറാന്‍ വിശദീകരണം നല്‍കി.
അതേസമയം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിമാന ജീവനക്കാരുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നാണ് ഇറാന്റെ അവകാശവാദം. സാങ്കേതിക പിഴവാകാം അപകടത്തിന് പിന്നിലെന്നായിരുന്നു ഇറാന്‍ ആദ്യം പറഞ്ഞത്, എന്നാല്‍ യുക്രൈയ്ന്‍ ഇത് തള്ളിയിരുന്നു.
ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യുക്രൈയ്ന്‍ വിമാനം തകര്‍ന്നു വീണത്. അതിനാല്‍ മിസൈല്‍ ആക്രമണം അടക്കമുള്ളവയുടെ സാധ്യതഅന്വേഷണ സംഘം പരിഗണിക്കുന്നുവെന്ന് യുക്രൈയ്ന്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കും.