09 January, 2020 12:19:12 PM
കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഘം കടന്നത് കേരളത്തിലേക്ക്?
കളിയിക്കാവിള: സംസ്ഥാന അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസൻ(57) കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. ബൈക്കിലെത്തി വെടിയുതിർത്ത സംഘം കേരള അതിർത്തിയിലേക്ക് കടന്നതായാണ് സൂചന.
തമിഴ്നാട്-കേരള പൊലീസ് സംഘങ്ങളാണ് പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. പ്രത്യക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ കേരള തമിഴ്നാട് ഡിജിപിമാർ കൂടിക്കാഴ്ച നടത്തി. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനു നേരെ മുഖംമൂടിയണിഞ്ഞ് ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിയുതിർക്കുകയായിരുന്നു. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്. വിൽസനു നാലു തവണ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾക്ക് തീവ്രവാദ ബന്ധമുള്ളതായും സംശയയിക്കുന്നതായി പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവർക്കായ് തെരച്ചിൽ ഊർജിതമാക്കി. ഇവർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി വിവരങ്ങൾ ലഭിച്ചു.