08 January, 2020 08:38:47 AM
തിരിച്ചടിച്ച് ഇറാൻ: ഇറാക്കിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം
ബാഗ്ദാദ്: ഇറാക്കിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം. അൽ അസദ് വ്യോമ താവളത്തിനു നേരെ നിരവധി മിസൈലുകളാണ് ഇറാൻ വർഷിച്ചതെന്നാണ് വിവരം. ആക്രമണം ഇറാൻ സേന സ്ഥിരീകരിച്ചു. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ ഇറാക്കിൽ വച്ച് കാമാൻഡർ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേർ കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് പ്രതികാരത്തിന്റെ ചിഹ്നമായ ചുവന്ന കൊടി ഇറാനിൽ ഉയർത്തുകയും ചെയ്തിരുന്നു. ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം.